ചെന്നൈ: ഡിഎംകെ സർക്കാരിലെ മന്ത്രിയായിരുന്ന വി. സെന്തിൽ ബാലാജിക്കെതിരേ, തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം. ഗതാഗത വകുപ്പിലെ ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിക്കെതിരെയുള്ള നിയമനടപടികൾ തുടരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിജയ് സർക്കാരിന് ഇഡി കത്തയച്ചു. ഈ മാസം 15-ന് ആണ് ഇഡി ചെന്നൈ സോൺ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് കൈമാറിയത്.
മുൻ ഡിഎംകെ സർക്കാർ ബോധപൂർവം വിചാരണാനുമതി വൈകിപ്പിച്ചതായി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇഡി ആരോപിക്കുന്നു. ഈ മാസം 10-ന് ആണ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തമിഴ്നാട്ടിൽ അധികാരമേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ്യും ടിവികെ നേതാക്കളും ഡിഎംകെക്കെതിരേ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ നിലപാടു നിർണായകമാകും.
സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരിക്കെ, ഡ്രൈവർ, കണ്ടക്ടർ, എൽജിനീയർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരൻ ആർ.വി. അശോക് കുമാർ, സഹായികളായ ബി. ഷൺമുഖം, എം. കാർത്തികേയൻ എന്നിവരുമായി ചേർന്ന് വൻതോതിൽ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതിയായ ബാലാജി, ഇങ്ങനെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇഡി കണ്ടെത്തിയിരുന്നു. കേസ് ചെന്നൈയിലെ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്.
കേസുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വിചാരണാനുമതി തേടി 2025 മേയ് 14-ന് ഇഡി തമിഴ്നാട് ഗവർണറെ സമീപിച്ചിരുന്നു. ഗവർണറുടെ ഓഫീസ് കത്ത് തുടർനടപടികൾക്കായി അന്നത്തെ ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും, സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ഡിഎംകെ സർക്കാർ അനുമതി നൽകാതെ കത്ത് മടക്കുകയാണുണ്ടായത്.
വിചാരണാനുമതി നൽകാൻ തങ്ങൾക്കാണ് അധികാരമെന്നും ഗവർണർക്ക് സ്വമേധയാ തീരുമാനമെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ അന്നത്തെ സർക്കാർ, ഇഡി തങ്ങളെ നേരിട്ടു സമീപിക്കണമെന്നും നിർദേശിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് ഗവർണറുടെ ഓഫീസ് ഫെബ്രുവരി 23-ന് കത്ത് ഇഡിക്ക് തിരിച്ചയയ്ക്കുകയും, മന്ത്രിസഭയുടെ പരിഗണനയ്ക്കായി തമിഴ്നാട് സർക്കാരിനു നേരിട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തിലാണ്, മുൻ സർക്കാരിന്റെ വാദങ്ങൾ അനാവശ്യമായ തടസവാദങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇപ്പോൾ ചീഫ് സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ നൽകിയിരിക്കുന്നത്. ഇതോടൊപ്പം കേസിന്റെ സമ്പൂർണ അന്വേഷണ രേഖകളും ഇഡി സമർപ്പിച്ചിട്ടുണ്ട്.
