കടുത്തുരുത്തി: ജീവിത സായാഹ്നത്തില്‍ പരസ്പരം താങ്ങാകാന്‍ അവര്‍ ഒന്നിച്ചു. പങ്കാളികള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഇരുവരും മുന്നോട്ടുള്ള ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ മക്കളുടെ സമ്മതത്തോടെ ഒരുമിക്കുകയായിരുന്നു. കല്ലറ കണ്ണാരത്തില്‍ കെ.സി. തോമസ് (76), കടുത്തുരുത്തി വംമ്യാലില് ലീലാമ്മ (72) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം കല്ലറ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ വിവാഹിതരായത്.
ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തോമസിന്റെ ബന്ധുവായ ഫാ. ഏബ്രഹാം തറതട്ടേല്‍ ഒഎസ്എച്ച് വിവാഹം ആശീര്‍വദിച്ചു. വികാരി ഫാ.തോമസ് കരുമ്പുംകാലായും വിവാഹകര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് തോമസിന്റെ വീട്ടില്‍ സ്നേഹവിരുന്നും നടന്നു.
രോഗബാധിതയായതിനെ തുടര്‍ന്ന് 2020-ലാണ് തോമസിന്റെ ഭാര്യ മരിച്ചത്. തോമസിന് രണ്ട് മക്കളാണ്. മകന് അലക്സ് കെ. തോമസ് കുടുംബസമ്മേതം ഓസ്ട്രേലിയയിലാണ്. വിവാഹിതയായ മകള്‍ മേഴ്സി ടോജന്‍ നാട്ടിലാണ്. മകളായിരുന്നു തോമസിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
രോഗബാധിതനായ ഭര്‍ത്താവ് 16 വര്‍ഷം മുമ്പ് മരിച്ചതോടെ ലീലാമ്മയും തനിച്ചാവുകയായിരുന്നു. മക്കളായ ജോമോനും ജെയ്മോനും ഇറ്റലിയിലാണ്. ഒന്നര വര്‍ഷം മുമ്പ് ഒരു സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രത്തില്‍ വച്ചാണ് യാദൃച്ഛികമായി തോമസ്, ലീലാമ്മയെ കണ്ടുമുട്ടുന്നത്. അടുപ്പം തോന്നിയതിനെ തുടര്‍ന്ന് തോമസ് ലീലാമ്മയെ ജീവിതത്തിലേക്കു ക്ഷണിക്കുകയായിരുന്നു.
തുടര്‍ന്ന് മക്കളുടെ സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടിലുള്ള തോമസിന്റെ മകളും കുടുംബവും വിവാഹത്തില്‍ പങ്കെടുത്തു.
