ബംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസ് മഡിവാളയിൽനിന്ന് ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതലയും നൽകി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരേ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പുലഭിച്ചു.
അതേസമയം, പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
