കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ കീഴടക്കിയെന്ന അപൂർവ റിക്കാർഡ് ഇനി ചരിത്രത്തിലേക്ക്. നേപ്പാൾ ഭാഗത്തുനിന്ന് ഒരൊറ്റദിവസംകൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ ചരിത്രനേട്ടം കൈവരിച്ച സംഘത്തിൽ മൂന്ന് ഇന്ത്യൻ പർവതാരോഹകരും ഉൾപ്പെടുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് 150 നേപ്പാളി ഷെർപ്പകൾ അടങ്ങുന്ന 274 അംഗ സംഘം സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയത്. എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി റാം ഭണ്ഡാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ പർവതാരോഹകരായ തുളസി റെഡ്ഢി പൽപുനൂരി, സന്ദീപ് ആരെ, അജയ്പാൽ സിംഗ് ധലിവാൽ എന്നിവരാണ് ലോകറിക്കാർഡ് കുറിച്ച സംഘത്തിലുണ്ടായിരുന്നത്.
ഈ സീസണിൽ എവറസ്റ്റ് കീഴടക്കാൻ ആകെ 502 പർവതാരോഹകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 2019 മേയിൽ നേപ്പാൾ ഭാഗത്തുനിന്ന് ഒറ്റദിവസം കൊണ്ട് 223 പേർ എവറസ്റ്റ് കീഴടക്കിയതായിരുന്നു നിലവിലെ റിക്കാർഡ്. ഈ റിക്കാർഡാണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. ഇതിനു പിന്നാലെ വ്യാഴാഴ്ച മറ്റൊരു ഇന്ത്യൻ പർവതാരോഹകനായ ലക്ഷ്മീകാന്ത മണ്ഡലും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയിൽ വിജയകരമായി പാദമുദ്ര പതിപ്പിച്ചു.
ആറു നേപ്പാളി ഷെർപ്പകൾ ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് മണ്ഡൽ എവറസ്റ്റ് കീഴടക്കിയതെന്ന് പര്യവേക്ഷണത്തിന്റെ സംഘാടകരായ പയനിയർ അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
