പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ് ഒരു കൂട്ടം ബിഎഡ് ഉദ്യോഗാർത്ഥികൾ ഓടയിലേക്ക് പതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ 25 ഓളം വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരീക്ഷാ കേന്ദ്രത്തിന് സമീപമുള്ള ഒരു കടയ്ക്ക് സമീപം വിദ്യാർഥികൾ തടിച്ചുകൂടുകയും, അവർ നിന്നിരുന്ന പ്രതലം പെട്ടെന്ന് ഇടിഞ്ഞുവീണ് നിമിഷങ്ങൾക്കുള്ളിൽ നിരവധി ഉദ്യോഗാർഥികൾ കാൽ വഴുതി താഴെയുള്ള അഴുക്കുചാലിൽ പതിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അപകടം വിദ്യാർത്ഥികളിലും കാഴ്ചക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. അകത്ത് കുടുങ്ങിയവരെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തി.
പ്രദേശവാസികൾ സഹായഹസ്തം നീട്ടുമ്പോൾ വിദ്യാർഥികൾ പുറത്തേക്ക് കയറാൻ ശ്രമിക്കുന്നതും കാണാം. ഇവരുടെ ബാഗുകൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവ ചെളിയിലും വൃത്തികെട്ട വെള്ളത്തിലും മൂടിയിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ചില വിദ്യാർത്ഥികൾക്ക് പരിക്കുകൾ സംഭവിച്ചു. തിരിച്ചടി നേരിട്ടെങ്കിലും, അവരിൽ പലരും പരീക്ഷ എഴുതാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. വീട്ടിലേക്ക് മടങ്ങുന്നതിന് പകരം മുന്നോട്ടു പോകാനുള്ള അവരുടെ ദൃഢനിശ്ചയത്തിന് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് പ്രശംസ ലഭിച്ചു.
വീഡിയോ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതോടെ, പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. പൊതുജനങ്ങളോടുള്ള അവഗണനയെക്കുറിച്ചും സുരക്ഷിതമായ പൊതു ഇടങ്ങളുടെ ആവശ്യകതയെക്കുറിച്ചും ഈ സംഭവം മറ്റൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
