ആലപ്പുഴ: സഹോദരന്റെ മക്കളെ ഭിക്ഷാടനത്തിന് കൊണ്ടുവന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഹരിപ്പാട് കുട നന്നാക്കുന്ന ജോലിയുമായി കഴിയുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി 31 കാരൻ അന്തോണി ആണ് അറസ്റ്റിലായത്. ആലപ്പുഴ ഹരിപ്പാട് തട്ടാരമ്പലത്തിലെ പാലത്തിനടിയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാളുടെ മർദനം സഹിക്കാനാകാതെ വീട്ടിലാ് നിന്നും രക്ഷപെട്ടോടിയ 14കാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് ഭിക്ഷാടനത്തിന്റെ വിവരം പുറത്ത് അറിയുന്നത്.
കുട്ടികളുടെ അമ്മ മരിച്ചതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ കൂടെ നിൽക്കുന്നതിന് താൽപര്യം ഇല്ലാതിരുന്ന കുട്ടികൾ മിഴ്നാട് സർക്കാരിന്റെ തൂത്തുകുടിയിലെ ബാലഭവനിൽ നിന്നായിരുന്നു പഠിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ മാസം ഇരുവരേയും ഇവരുടെ അച്ഛന്റെ സഹോദരനായ അന്തോണി ഹരിപ്പാട്ടേക്ക് കൂട്ടികൊണ്ടു വന്നു. ശേഷം നഗരത്തിൽ ഭിക്ഷ എടുക്കാനായി വിടുകയായിരുന്നു. കൃത്യമായി ഭക്ഷണംപോലും കൊടുക്കാതെ ക്രൂരമായി മർദിക്കുമായിരുന്നു എന്ന് കുട്ടികൾ പോലീസിന് മൊഴി നൽകി.
കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചതിനും ഉപദ്രവിച്ചതിനും അന്തോണിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ അന്തോണിയെ തട്ടാരമ്പലത്തിലെ ഒരു പാലത്തിനടിയിൽ നിന്നാണ് പിടികൂടിയത്. രണ്ട് കുട്ടികളെയും ബാലഭവനിലേക്ക് മാറ്റി. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി സിഡബ്ലിയുസി അറിയിച്ചു.
