പരവൂർ: ഇന്ത്യാ പോസ്റ്റിന്റെ സ്പീഡ് പോസ്റ്റ് സേവനങ്ങളിൽ വൻ പരിഷ്കരണങ്ങളോടെ പുതിയ നിയമങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു. ഏതൊക്കെ ഇനങ്ങളെയാണ് രേഖകളായി കണക്കാക്കേണ്ടതെന്ന് തപാൽ വകുപ്പ് ഔദ്യോഗികമായി നിർവചിച്ചതിനൊപ്പം 24 മണിക്കൂറും 48 മണിക്കൂറും കൊണ്ടുള്ള ഉറപ്പുള്ള ഡെലിവറി സേവനങ്ങളും അവതരിപ്പിച്ചു.
പുതിയ മാറ്റത്തോടെ ഇത്തരം രേഖകൾക്ക് പാഴ്സൽ നിരക്കുകൾക്ക് പകരം കുറഞ്ഞ ഡോക്യുമെന്റ് തപാൽ നിരക്ക് മാത്രം നൽകിയാൽ മതിയെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
ബാങ്കിംഗ്, സർക്കാർ സ്ഥാപനങ്ങൾ വഴി അയക്കുന്ന പ്രധാനപ്പെട്ട രേഖകളെല്ലാം ഇനി മുതൽ ഡോക്യുമെന്റ് വിഭാഗത്തിൽ ഉൾപ്പെടും. സ്വാഗത കിറ്റുകൾ, പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്കു പുറമെ വാണിജ്യ പ്രാധാന്യമില്ലാത്ത 500 ഗ്രാം വരെയുള്ള രാഖി കവറുകളും ആശംസാ കാർഡുകളും ഈ നിരക്കിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടും. നിർഭിഷ്ട പട്ടികയിൽ പെടാത്ത ചരക്കുകളും മറ്റ് വാണിജ്യ വസ്തുക്കളും സ്വയമേവ പാഴ്സലായി കണക്കാക്കി നിലവിലെ നിരക്കുകൾ ഈടാക്കും.
സമയബന്ധിത ഡെലിവറി ഉറപ്പാക്കുന്നതിനായി 24 സ്പീഡ് പോസ്റ്റ്, 48 സ്പീഡ് പോസ്റ്റ് എന്നീ സേവനങ്ങളാണ് തപാൽ വകുപ്പ് പുതുതായി ബ്രാൻഡ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലായിരിക്കും ഈ പ്രീമിയം സൗകര്യം ലഭ്യമാകുക.
