തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽത്തന്നെ സ്ത്രീകളില്‍ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കിയെന്ന് പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്.
9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികൾക്കാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സിസ്റ്റം അപ്ഡേറ്റ് ആയില്ല അതിനാൽ ടിക്കറ്റിനു ചാർജ് ഈടാക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസില്‍ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും വിദ്യാർഥിനികള്‍ പറയുന്നു. അതേസമയം, ഇതേ ബസിന് പുതുക്കാട്വച്ച് സ്വീകരണവും നല്‍കിയിരുന്നെന്നും വിദ്യാർഥിനികൾ കൂട്ടിച്ചേർത്തു.
ബസിൽ കയറിയപ്പോൾ ലഡുവൊക്കെ ലഭിച്ചെങ്കിലും യാത്രക്ക് പണം വാങ്ങിയത് സങ്കടമായി. അപ്പോൾത്തന്നെ ഇതുസംബന്ധിച്ച് പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുക്കാതെ വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു അവരെന്നും കുട്ടികൾ കൂട്ടിച്ചേർത്തു.
