ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ ഡാന്‍സിംഗ് ഗേള്‍ വെങ്കല ശില്‍പ്പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തിൽ. വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പ്പമുള്ളത്. സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നാണ് മോഹര്ജൊദാരോയിലെ നൃത്തം ചെയ്യുന്ന ഈ ശിൽപം. എന്നാൽ ഇപ്പോൾ ഈ മാറ്റം വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്.
എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച ഒന്‍പതാം ക്ലാസിലെ പാഠപുസ്തകമായ ‘മധുരിമ’യിലെ ആദ്യ അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആര്‍ട്സ്’ (കലയുടെ ചരിത്രം) ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥ പുരാവസ്തുവിന്റെ ചിത്രവുമായി വ്യത്യാസം വരുത്തിയാണ് പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന ചിത്രം.
അതേസമയം, എന്‍സിഇആര്‍ടിയുടെ ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലെ ചിത്രം. ആറാം ക്ലാസിലെ പുസ്തകത്തില്‍ ശില്പം അതിന്റെ യഥാർഥ രൂപത്തിലാണുള്ളത്.
25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഈ ശില്പത്തിന്റെ ചിത്രം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോള്‍ പോലും ഈ ചിത്രത്തിന്റെ യഥാർഥ രൂപംതന്നെയായിരുന്നു ഉപയോഗിച്ചത്.
