കാഞ്ഞിരക്കൊല്ലി: സഞ്ചാരികളെ വരവേൽക്കാൻ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി. മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് വനംവകുപ്പിന് കീഴിലുള്ള കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം. ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ജനുവരി 15 ന് അളകാപുരി വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു.
വിനോദസഞ്ചാരികൾക്ക് ഏറെ സുരക്ഷിതവും സൗകര്യ പ്രദവുമാണിത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ്റെയിലിട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി വേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങാൻ കരിങ്കൽകൊണ്ട് പടവുകളും സ്ത്രീകൾക്കും പുരുഷൻമാർക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
അളകാപുരി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലുമായി വനംവകുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തി. ഒരേ സമയം നൂറിലേറെ ആളുകൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. അവധി ദിവസങ്ങളിൽ 700 മുതൽ 1000 വരെയും മറ്റു ദിവസങ്ങളിൽ 150 മുതൽ 200 വരെ വിദേശികളടക്കമുള്ള സഞ്ചാരികൾ ഇവിടെ എത്തും.
അളകാപുരി വെള്ളച്ചാട്ടത്തിൽനിന്ന് രണ്ടു കിലോമീറ്റർ മുകളിൽ സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂപോയിന്റ്. ഇവിടെയും പ്രവേശനം തുടരുന്നുണ്ട്. സുരക്ഷാ വേലികളും ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. അളകാപുരി വെള്ളച്ചാട്ടത്തിന്റെ സമീപത്തുനിന്ന് ശശിപ്പാറയിലേക്ക് സ്വകാര്യ ജീപ്പ് സർവീസ് നടത്തുന്നുണ്ട്.
മദ്യപാനത്തിനും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമെതിരേ ശക്തമായ നിരീക്ഷണമാണ് ഫോറസ്റ്റ് അധികൃതർ നടത്തുന്നത്. കർശനമായ പരിശോധനയ്ക്കുശേഷം മാത്രമേ സഞ്ചാരികളെ ഇവിടേക്ക് കയുള്ളൂ. കൂടാതെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ വാച്ചർമാരേയും നിയോഗിച്ചിട്ടുണ്ട്.
മഴക്കാല ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിൽ ജൂൺ മുതൽ ഡിസംബർ ആദ്യം വരെയാണ് സീസൺ.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഇവിടേക്കുള്ള പ്രവേശനം. ശ്രീകണ്ഠപുരം-പയ്യാവൂർ-ചന്ദനക്കാംപാറ വഴി കാഞ്ഞിരക്കൊല്ലിയിൽ എത്താം. ഇരിട്ടി- ഉളിക്കൽ-മണിക്കടവ് വഴിയും എത്തിച്ചേരാം. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നടക്കം ഇവിടേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കായിരിക്കും.
