കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും.
ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. വരുമാന പരിധിയോ താമസ യോഗ്യതയോ പ്രത്യേക പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടെയും ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം.
ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍ തുച്ഛമായ ദിവസ വേതനക്കാരനായ പുരുഷന് ടിക്കറ്റ് നല്‍കേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നുമാണ് ഹര്‍ജിയിലെ വാദം.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും ചേര്‍ന്ന് തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
