ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരെ സമൂഹത്തിലെ “പരാദങ്ങൾ’ എന്ന് വിമർശിച്ച സുപ്രീംകോടതി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഇത്തരം കുറ്റവാളികൾ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിഹാർ സ്വദേശിയായ മനോജ് കുമാർ സിംഗ് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യവ്യാപകമായി ശൃംഖലയുള്ള ഇക്കൂട്ടർ സമൂഹത്തിനു ഭീഷണിയാണെന്നും ഇവർ ജയിലിൽ കഴിയുന്നതാണ് സമൂഹത്തിന് നല്ലതെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് അനുമതി നൽകി.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്കെതിരേ കടുത്ത നിലപാടാണ് സുപ്രീംകോടതിക്കുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി സിബിഐ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സർക്കാരുകൾ സിബിഐക്കു സഹായം നൽകാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
