തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളായ എസ്. ശ്രീജിത്തിന് ഡിജിപി പദവി നൽകിയ സർക്കാർ വെട്ടിൽ. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തിയതോടെ സ്ഥാനക്കയറ്റ ഫയലിൽ ഒപ്പിട്ട മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ പ്രതിരോധത്തിലായി.
എസ്. ശ്രീജിത്തിന് ഡിജിപി പദവിയിൽ സ്ഥാനക്കയറ്റം നൽകിയപ്പോൾ, വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്ഥാനക്കയറ്റത്തിന് എങ്ങനെ പരിഗണിച്ചുവെന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്.
വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയതെന്നും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നുമുള്ള വിമർശനമാണ് ഉയരുന്നത്.
അതേസ മയം ഹൈക്കോടതി വിമർശനമുന്നയിച്ചെങ്കിലും ശ്രീജിത്തിന് നൽകിയ ഡിജിപി പദവിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഹൈക്കോടതി കടുത്ത നടപടി സ്വീകരിച്ചാൽ സർക്കാർ വെട്ടി ലാകുമെന്ന സംശയവുമുണ്ട്. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർ ‘രക്ഷാപ്രവർത്തന’മെന്ന പേരിൽ കെഎസ്യു, യൂത്ത് കോണ്ഗ്രസ് നേതാക്കളെ തല്ലിച്ചതച്ചിരുന്നു. കോടതി നിർദേശപ്രകാരം നടത്തിയ പ്രത്യേക സംഘത്തിന്റെ അന്വേഷണം അട്ടിമറിക്കാനും “രക്ഷാപ്രവർത്തനം’ നടത്തിയവരെ രക്ഷിക്കാനും അന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.
അജിത്കുമാർ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് സർക്കാർ നിയോഗിച്ച എസ്ഐടി കണ്ടെത്തി. ഇതിനു പിന്നാലെ അജിത്കുമാറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
അജിത്തിന് ലഭിക്കേണ്ട ഡിജിപി പദവി, തൊട്ടുതാഴെ സീനിയറായ എഡിജിപി എസ്. ശ്രീജിത്തിന് നൽകുകയായിരുന്നു. എന്നാൽ, ബോഡി ബിൽഡേഴ്സിനെ ഇൻസ്പെക്ടർമാരായി നിയമിച്ച നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ കേസിലാണ് ശ്രീജിത്തിനെതിരേ കോടതി രൂക്ഷവിമർശനമുന്നയിച്ചത്.
