ഇന്ത്യയിലെ ആരോഗ്യ മെഡിക്കൽ സേവനങ്ങളുടെ എളുപ്പത്തെയും കുറഞ്ഞ ചിലവിനെയും വാനോളം പുകഴ്ത്തിക്കൊണ്ട് വീണ്ടുമൊരു അമേരിക്കൻ യുവതി രംഗത്ത്. മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാതെയും ഇൻഷുറൻസ് സഹായമില്ലാതെയും വെറും 26 ഡോളറിന് (ഏകദേശം 2,100-ലധികം ഇന്ത്യൻ രൂപ) ഇന്ത്യയിൽ നിന്ന് പ്രിസ്ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകൾ വാങ്ങിയ അനുഭവം പങ്കുവെച്ചാണ് ഐവി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയെക്കണ്ട് അമേരിക്ക പാഠം പഠിക്കണമെന്നും യുവതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഒരു ഒപ്റ്റിക്കൽ ഷോപ്പിൽ പോയ ഞാൻ ഇൻഷുറൻസ് പോലുമില്ലാതെ വെറും 26 ഡോളറിന് പ്രിസ്ക്രിപ്ഷൻ കോൺടാക്റ്റ് ലെൻസുകളുമായാണ് മടങ്ങിയത്! അമേരിക്ക, ദയവായി ഇത് കണ്ടുപഠിക്കൂ,” ഐവി തന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചു.
തന്റെ കയ്യിൽ ഒരു ജോടി ലെൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് ഇന്ത്യയിലെ ഒരു മാളിലുള്ള ഒപ്റ്റിക്കൽ ഷോപ്പിലേക്ക് താൻ നടന്നുപോയതെന്ന് ഐവി വ്യക്തമാക്കുന്നു. അവിടെ ചെന്ന് ഡോക്ടറുടെ കുറിപ്പടി കാണിച്ചപ്പോൾ തന്നെ അവർ ലെൻസ് നൽകാൻ തയ്യാറായി. ആവശ്യമുള്ള ബ്രാൻഡ് സ്റ്റോക്കിൽ ഇല്ലാതിരുന്നിട്ടും തിങ്കളാഴ്ച രാത്രിയോടെ അത് എത്തിച്ചു നൽകാമെന്ന് കടക്കാർ ഉറപ്പുനൽകുകയും കൃത്യസമയത്ത് തന്നെ അത് എത്തിച്ചു നൽകുകയും ചെയ്തു.
“ഇന്ത്യയിലെ ഏത് ഒപ്റ്റിക്കൽ ഷോപ്പിലും എനിക്ക് നേരിട്ട് കയറിച്ചെല്ലാമെന്നതും ലെൻസുകൾ വാങ്ങാമെന്നതും വലിയൊരു കാര്യമാണ്. അമേരിക്കയിൽ ഇൻഷുറൻസ് ഇല്ലാതെ ഇത് ഒരിക്കലും സാധിക്കില്ല. മൂന്ന് ജോടി ലെൻസുകളാണ് എനിക്ക് 26 ഡോളറിന് ലഭിച്ചത്. ഇത് വളരെ കുറഞ്ഞ വിലയാണോ അതോ ഇവിടുത്തെ സാധാരണ വിലയാണോ എന്ന് എനിക്കറിയില്ല,” ഐവി ആശ്ചര്യത്തോടെ പറഞ്ഞു.
വീഡിയോ വൈറലായതോടെ, കോൺടാക്റ്റ് ലെൻസ് വാങ്ങാൻ പോലും അമേരിക്കക്കാർക്ക് ഇൻഷുറൻസ് വേണമെന്ന അറിവ് ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ കണ്ണടകൾ കേടുപാടുകൾ തീർക്കുന്നതിനും മറ്റും കടകളിൽ പണം പോലും വാങ്ങാറില്ലെന്ന് പലരും കമന്റ് ചെയ്തു.
ഈ മാസം തുടക്കത്തിൽ വിക്ടോറിയ എന്ന മറ്റൊരു അമേരിക്കൻ യുവതിയും യുഎസ് ആരോഗ്യരംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ ഇൻഷുറൻസ് കമ്പനി പരിരക്ഷ നിഷേധിച്ചതിനെ തുടർന്ന് 1,000 ഡോളർ (ഏകദേശം 83,000 രൂപയിലധികം) വില പറഞ്ഞ മരുന്ന്, അവർക്ക് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിനാണ് (ഏകദേശം 2,100 രൂപ) ലഭിച്ചത്. വെറും 6 ഗുളികകൾക്കാണ് അമേരിക്കയിൽ ഈ ഭീമമായ തുക ഈടാക്കാൻ ശ്രമിച്ചതെന്നും, അമേരിക്കയിലെ സാധാരണക്കാരെ ആരോഗ്യരംഗം പൂർണ്ണമായും ‘പറ്റിക്കുകയാണെന്നും’ അവർ ആരോപിച്ചിരുന്നു.
