കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്.
നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
