വിദേശരാജ്യങ്ങളിൽ വിദഗ്ധ തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന അംഗീകാരത്തെയും ഉയർന്ന വേതനത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നു.
അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന യുവതിയാണ് തന്റെ ഗാരേജ് ഡോർ നന്നാക്കാൻ എത്തിയ മെക്കാനിക്ക് ഈടാക്കിയ തുകയെക്കുറിച്ച് വീഡിയോ പങ്കുവെച്ചത്. കേവലം 20 മിനിറ്റ് മാത്രം നീണ്ടുനിന്ന അറ്റകുറ്റപ്പണിക്ക് മെക്കാനിക്ക് വാങ്ങിയത് 100 ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 9,500 രൂപ).
എന്നാൽ ഈ തുക കൂടിയതായിപ്പോയി എന്ന പരാതിയല്ല, മറിച്ച് വിദേശത്തെ തൊഴിൽ സംസ്കാരത്തിന്റെ യാഥാർഥ്യമാണ് അമൃത പങ്കുവെക്കുന്നത്. സാധാരണയായി അവിടെ ഇത്തരം മെക്കാനിക്കുകൾ സന്ദർശന ഫീസായി മാത്രം 100 ഡോളർ വാങ്ങാറുണ്ടെന്നും അവർ വ്യക്തമാക്കുന്നു.അമേരിക്കയിൽ ഒരു ജോലിയും ചെറുതോ വലുതോ അല്ലെന്നും കഴിവുണ്ടെങ്കിൽ ആർക്കും മാന്യമായി ജീവിക്കാമെന്നും അമൃത വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നു.
“നിങ്ങൾക്ക് വലിയ ബിരുദങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല കാര്യം, കൈത്തോഴിൽ അറിയാമെങ്കിൽ അന്തസ്സായി ജീവിക്കാം. ഇവിടെ പ്ലംബർമാരും ഇലക്ട്രീഷ്യന്മാരും ഗാരേജ് സാങ്കേതികവിദഗ്ധരുമെല്ലാം മികച്ച വരുമാനം നേടുന്നവരാണ്. അവർക്ക് സ്വന്തമായി വലിയ കാറുകളുണ്ട്, കൃത്യമായി നികുതിയും അടയ്ക്കുന്നു. അമേരിക്കയിൽ ജോലികളിൽ വിവേചനമില്ല, കഴിവിനാണ് ആദരവും വരുമാനവും ലഭിക്കുന്നത്.” – അമൃത സിംഗ്.
എൺപത്തിമൂവായിരത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള സംവാദങ്ങളാണ് നടക്കുന്നത്. ബ്ലൂ കോളർ ജോലികൾക്ക് അമേരിക്കയിൽ വലിയ ഡിമാൻഡാണെന്ന വസ്തുതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, “ഇത്രയും ഉയർന്ന വരുമാനം ലഭിച്ചാലും ജീവിതച്ചെലവ് കാരണം സമ്പാദ്യം ബാക്കിയുണ്ടാകുമോ?” എന്ന ചോദ്യവും ചില ഉപയോക്താക്കൾ ഉന്നയിക്കുന്നുണ്ട്. അമേരിക്കയിലെ ആരോഗ്യരംഗത്തെ ചെലവുകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
