അമരാവതി: ഹൃദ്രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപി സായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല.
എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
