തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തുവന്നതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളോടാണ് അധികൃതർ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും വന്ദേമാതരത്തെക്കുറിച്ച് നിർദേശങ്ങളില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി.
എന്നാൽ വിഷയം വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിട്ടുണ്ട്. സർക്കുലറിനെതിരെ രംഗത്തെത്തിയ മന്ത്രി കെ. മുരളീധരൻ, കേരളത്തിൽ കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രമേ ആലപിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അദ്ദേഹത്തിന്റെ സർക്കുലറല്ല സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേമാതരം മുഴുവനായി പാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
