ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
ഹൃദ്രോഗം(Cardio Vascular Disease – CVD)
ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്റെ അളവ് കൂടുകയും മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.
ദിവസവും എയ്റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്ട്രോളിന്റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ മെറ്റബോളിസം (Metabolism) നല്ല രീതിയിലാക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.
ശരീരത്തിന്റെ ബാലന്‍സ്
ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.
(തുടരും)

