കോതമംഗലം: റംബൂട്ടാന് വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കർഷകരെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കർഷകർ.ഇക്കുറി വിപണിയില്‍ റംബൂട്ടാന് കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്. റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റംബൂട്ടാന് കൃഷി ചെയ്യുകയായിരുന്നു.
സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബൂട്ടാന് കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റംബൂട്ടാന് പഴത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഉല്‍പ്പാദനം വർധിച്ചതും ഡിമാൻഡ് കുറയുവാനിടയാക്കിയെന്ന് കർഷകർ പറയുന്നു.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാരെത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്കി ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോയിരുന്നു.
എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്. സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റംബൂട്ടാന് സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു.നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു. സര്‍ക്കാര്‍ തലത്തില്‍ റംബൂട്ടാന് സംഭരണം നടത്തിയാല്‍ ഒരു പരിധി വരെ കർഷകരെ സഹായിക്കാനാകും.
