തിരുവല്ല: കൊമ്പ് വളര്‍ന്ന് ദുരിതത്തിലായ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജന്‍ തിരുവല്ല ജയരാജന്റെ വേദനകള്‍ ഒടുവിൽ അധികൃതര്‍ക്കും മനസിലായി. ആനയുടെ കൊന്പുകൾ മുറിച്ചു. ജയരാജന്റെ ദുരിതാവസ്ഥ വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. തൃശൂര്‍ സ്വദേശി സ്മിതേഷാണ് കൊമ്പുമുറിച്ചത് . ആദ്യം കൂട്ടുകൊമ്പ് മുറിച്ചു. പിന്നെ ചെത്തിമിനുക്കി. 29 വയസള്ള കൊമ്പന് കൂടുതല്‍ സുന്ദരനായിരിക്കുന്നു. അച്ചടക്കത്തോടെ ജയരാജന് ഇതിന് കിടന്നു കൊടുക്കുകയും ചെയ്തു. കൊമ്പുകള്‍ കൈവാള് ഉപയോഗിച്ചാണ് മുറിച്ചത്.
വട്ടത്തില്‍ മുറിച്ചെടുത്ത കൊമ്പിന്റെ ഭാഗവും ചീളുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭദ്രമായി കെട്ടിപ്പൊതിഞ്ഞ് സീല്‍വച്ചു കൊണ്ടുപോയി. അതിന്റെ മഹസര്‍ എഴുതി ജില്ലാ ട്രഷറിയിലാണ് സൂക്ഷിക്കുന്നത്. കൊമ്പു മുറിക്കുന്നത് വീഡിയോയിലും വനം വകുപ്പ് ചിത്രീകരിച്ചു. മുറിച്ചെടുക്കുന്ന കൊമ്പുകള്‍ക്ക് വിപണിയില്‍ ലക്ഷങ്ങളുടെ വിലവരും.
വൈകിച്ചത് അനാസ്ഥ
കൊമ്പ് മുറിക്കാനായി ജനുവരിയില്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡും വനംവകുപ്പും വൈകിച്ചതോടെയാണ് ആനയുടെ അവസ്ഥ ദുരിതപൂര്‍ണമായത്. ഭക്ഷണം പോലും എടുക്കാൻ ആനയ്ക്ക് ബുദ്ധിമുട്ടായത് രാഷ്ട്ര ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തുമ്പിക്കൈയോടു ചേര്‍ന്ന് കൊമ്പ് വളഞ്ഞുനില്‍ക്കുകയായിരുന്നു. കൂട്ടുകൊമ്പുകള് മൂലം തുമ്പിക്കൈ ഉയര്ത്താനാവില്ലായിരുന്നു. നീണ്ടുവളര്‍ന്ന ജയരാജന്റെ കൊമ്പ് 2022 ഓഗസ്റ്റിലാണ് അവസാനമായി മുറിച്ചത്. 2015ലും 19ലും കൊമ്പ് മുറിച്ച് ആകൃതി വരുത്തിയിട്ടുണ്ട്. നാട്ടാന ചട്ടപ്രകാരം ആനകളുടെ കൊമ്പുകള്‍ നീളം കൂടുന്നതിനനുസരിച്ച് മുറിക്കണം. കൊമ്പുകള്‍ നീളം കൂടിയാല്‍ തുമ്പിക്കൈയുടെ സ്വതന്ത്രമായ ചലനത്തെ ബാധിക്കുമെന്നതിനാലാണിത്.
