തൊടുപുഴ: ആഘോഷങ്ങളില്ലാതെ കേരള രാഷ്ട്രീയത്തില മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന് 85-ാം പിറന്നാള്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നെങ്കിലും പ്രിയ നേതാവിന് ആശംസ നേരാന്‍ രാവിലെ മുതല്‍ പുറപ്പുഴയിലെ പാലത്തിനാല്‍ തറവാട്ടിലേക്കു പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പി.ജെ. ജോസഫിനെ നേരില്‍ക്കണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മന്ത്രി മോന്‍സ് ജോസഫ് വീട്ടിലെത്തി അദ്ദേഹത്തിന് പിറന്നാള്‍ മധുരം നല്കി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രേസമ്മ ജോണും ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്റെ നേതൃത്വത്തില്‍ 85 റോസാ പുഷ്പങ്ങള്‍കൊണ്ട് തയാറാക്കിയ പൂച്ചെണ്ട് സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു.
പി.ജെ. ജോസഫിന്റെ മകനും ഗവ. ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫും കുടുംബാംഗങ്ങളും ആശംസകള്‍ നേരാനെത്തിയവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നെങ്കിലും പാര്‍ട്ടി ചെയര്‍മാനായ പി.ജെ. ജോസഫ് പൊതുരംഗത്തും പിന്നെ ജീവിതത്തിന്റെതന്നെ ഭാഗമായി കാണുന്ന കൃഷിയിലും ക്ഷീര മേഖലയിലും സജീവമായി തുടരുകയാണ്.
