ഹൂസ്റ്റണ്‍: തൊണ്ണൂറ് മിനിട്ടുള്ള ഫുട്ബോളിൽ ഏതെല്ലാം നീക്കങ്ങൾക്കാണ് ഏറെ ചന്തമെന്ന് അന്വേഷിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കാതെ പോകും. തോൽവിയിൽ നിന്ന്് വർധിതവീര്യത്തോടെ കുതിച്ച് ഒടുവിൽ വിജയം നേടുകയെന്ന് പറഞ്ഞാൽ അതായിരിക്കും ഏറ്റവും ത്രസിപ്പിക്കുന്ന അനുഭവമെന്ന് ചിലർക്കെങ്കിലും തോന്നാം. അങ്ങനെയൊന്നാണ് ബ്രസീൽ സാധ്യമാക്കി തന്നത്.
യുഎസിലെ ടെക്സാസിലുള്ള എൻആർജി സ്റ്റേഡിയത്തിൽ (ഹ്യൂസ്റ്റണ്‍ സ്റ്റേഡിയം) ഇന്ത്യൻ സമയം തിങ്കൾ രാത്രി 10.30ന് നടന്ന ലോക കപ്പിലെ ആവേശകരമായ ബ്രസീൽ-ജപ്പാൻ റൗണ്ട് ഓഫ് 32 മത്സരത്തിൽ 2-1ന് ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീക്വാർട്ടറിലേക്ക് കടന്നു.
മത്സരത്തിൽ മുന്നേറ്റങ്ങളിലും ഗോൾ നീക്കങ്ങളിലും ബ്രസീലിനു തന്നെയായിരുന്നു ആധിപത്യം. എന്നാൽ ഒട്ടുമിക്കതും ജപ്പാന്റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. ആദ്യപകുതിയിൽ ഒരു ഗോളിനു പിറകിലായ ബ്രസീൽ, ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ജയം ഉറപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ ബ്രസീലിന്റെ ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി 95-ാം മിനിറ്റിലാണ് വിജയഗോൾനേടിയത്.
29-ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യഗോൾ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ഡാനിലോ നൽകിയ പന്ത് ഞൊടിയിൽ തട്ടിയെടുത്ത് കെയ്ഷു സനോയുടെ കുതിപ്പാണ് ജപ്പാന് ലീഡ് നേടികൊടുത്തത്. ബ്രസീലിന്റെ കാസെമിറോയെയുടെ ഭാഗത്തു കൂടി അതിവേഗം മുന്നേറിയ കെയ്ഷു സനോ ബോക്സിനു തൊട്ടുമുന്നിൽ നിന്ന് പായിച്ച നീളൻ ഷോട്ട് ബ്രസീൽ ഗോളി അലിസണ് ബെക്കറെ മറികടന്ന് വലയിൽ പതിച്ചു. 1-0. സ്റ്റേഡിയത്തിൽ ജപ്പാൻ ആരാധകർ ആഹ്ലാദം കൊണ്ട് മതിമറന്ന നിമിഷം. മറുവശത്ത് ബ്രസീൽ ആരാധകർക്ക് അന്പരപ്പും നിരാശയും.
രണ്ടാംപകുതിയിൽ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റക്ക് പകരം യുവതാരം എൻഡ്രിക്ക് കളത്തിലെത്തി. ഒപ്പം ബ്രസീൽ ആക്രമണവും കടുപ്പിച്ചു. 52-ാം മിനിറ്റിൽ ബ്രൂണോ ഗ്യുമറേസിന്റെ തകർപ്പൻ ഹെഡർ ജപ്പാൻ ഗോൾ കീപ്പർ സുസൂക്കി തട്ടിയകറ്റി. ജപ്പാന്റെ ബോക്സിലേക്ക് നിരന്തരം ക്രോസുകൾ ഉയരുന്നതിനിടെ 56-ാം മിനിറ്റിൽ ബ്രസീൽ സമനില ഗോൾ നേടി.
ഗബ്രിയേൽ മഗാൽഹേസ് ഇടതുഭാഗത്തുനിന്ന് ഉയർത്തിയ നൽകിയ പന്ത് ഗോൾ മുഖത്തുണ്ടായിരുന്ന കാസെമിറോ വലതുമൂലയിൽനിന്ന് തകർപ്പൻ ഹെഡറിലൂടെ ലക്ഷ്യം കണ്ടു. അതുവരെ ബ്രസീലിന്റെ മുന്നേറ്റങ്ങളെ തടുത്ത ജപ്പാന്റെ ഗോൾകീപ്പർ സുസുക്കി പതറിയ നിമിഷം. 1-1. സമനില നേടിയതോടെ ബ്രസീലിന് ആത്മവിശ്വാസമായി.
നിശ്ചിതസമയം 90 മിനിറ്റ് കഴിഞ്ഞ് അധികസമയവും പിന്നിടുന്പോൾ ബ്രസീൽ വിജയഗോൾ നേടുന്നതാണ് കണ്ടത്. ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ രക്ഷകനായി. ജപ്പാന്റെ ഗോൾ മുഖത്ത് നിന്ന് പന്തു ലഭിച്ച റയാൻ, ബ്രൂണോ ഗ്വിമെറസിന് നൽകി. അടുത്ത നിമിഷം അദ്ദേഹമത് മാർട്ടിനെല്ലിക്ക് നൽകി. ഒട്ടും അവസരം പാഴാക്കാതെ മാർട്ടിനെല്ലി ജപ്പാന്റെ ബോക്സിന്റെ മൂലയിലേക്ക് പായിച്ചു. ലക്ഷ്യം തെറ്റിയില്ല. പന്ത് വലയിൽ. സ്റ്റേഡിയം മഞ്ഞക്കടലായി മാറി. 2-1ന് ബ്രസീൽ മുന്നോട്ട്. ഏഷ്യൻ വന്പൻമാരായ ജപ്പാൻ നാട്ടിലേക്കും. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തിൽ 68,777 പേരാണ് മത്സരം കാണാനെത്തിയിരുന്നത്.
