ടെഹ്റാൻ: ഇസ്രായേൽ – യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നു കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
ജൂലൈ അഞ്ച് മുതൽ ഒൻപതു വരെ ടെഹ്റാൻ, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്. ജസ്റ്റീസ് മാർക്കണ്ഡേയ കഡ്ജുവിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ നിതിൻ നബീനെയും കോൺഗ്രസ് നേതാക്കളെയും കൂടാതെ ചില പ്രമുഖരെയും ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മാർച്ച് ഒന്നിന് അമേരിക്കയും ഇസ്രായേലും ടെഹ്റാനിലെ ഔദ്യോഗിക വസതിയിൽ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ ഒൻപതിന് ഇറാനിൽ നടത്താനാണ് നിശ്ചയിച്ചത്.
