അമ്പലപ്പുഴ: ആഭ്യന്തരമന്ത്രിയുടെ സുരക്ഷാഭടനായി ബിജെപിക്കാരനെ നിയമിച്ചതില്‍ അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസില്‍ ചേരിപ്പോര്. മന്ത്രിയുടെ സ്ഥിരം പൈലറ്റ് വാഹനത്തിലാണ് നീർക്കുന്നം സ്വദേശിയും ബിജെപിക്കാരനുമായ പി. കൃഷ്ലാലിനെ നിയമിച്ചു ഉത്തരവിറക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വനിത അംഗത്തിന്റെ ബന്ധുവുമാണ് കൃഷ്ലാൽ. കൃഷ്ലാലും കുടുംബവും ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണെന്നാണ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം.കമ്മിറ്റിയില്‍ ഇത് ചര്‍ച്ചയാക്കുകയും വിഷയം പ്രമേയമാക്കണമെന്നും അംഗങ്ങളില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടു. എന്നാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇതിനെ എതിര്‍ത്തെന്നാണ് അംഗങ്ങള്‍ക്കിടയിലെ ആരോപണം.
ഇത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഗ്രൂപ്പ് പോരിന് വഴിയൊരുക്കി. വിവരം വകുപ്പ് മന്ത്രിയെ നേരിട്ടറിയിക്കാമെന്ന ധാരണയിലാണ് ചേരിപ്പോരിന് താത്കാലിക ശമനമായത്.വകുപ്പ് മന്ത്രിയുടെ സ്ഥിരം പൈലറ്റ്, എസ്ക്കോർട്ടിനായി 17 പോലീസുകാരെ നിയമിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. ഇതിൽ 9-ാമനാണ് കൃഷ്ലാൽ. നിലവിൽ മലപ്പുറത്താണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
വകുപ്പ് മന്ത്രിയുടെ വിശ്വസ്ത ന് കൂടിയായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമേയം അവതരിപ്പിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചതാണ് കോണ്‍ഗ്രസ് അമ്പലപ്പുഴ നേതൃത്വത്തിനിടയില്‍ ഗ്രൂപ്പ് പോരിന് വഴിയൊരുക്കിയിരിക്കുന്നത്.
