കഠിനമായ ഔദ്യോഗിക പരിശീലന ദിനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാക്കി മാറ്റി ഒരു അമേരിക്കൻ അഗ്നിശമന സേനാംഗം. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ പ്രൊബേഷണറി ഓഫീസറായ ജെയ്സൺ റാൽഫ് ആണ്, പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ഡ്രില്ലിനിടെ തന്റെ കാമുകി ഡാസിയ മൂറിനോട് വേറിട്ട രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയത്. ഈ മനോഹര നിമിഷത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ വാർഷിക ‘ഫാമിലി ഡേ’ ആഘോഷത്തിനിടെയായിരുന്നു ഈ സിനിമാറ്റിക്കായ സംഭവം. ഫയർ ഫൈറ്റർമാർ മാസങ്ങളായി പഠിച്ച ജീവൻരക്ഷാ മാർഗ്ഗങ്ങൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ചടങ്ങാണിത്. ഒരു രക്ഷാപ്രവർത്തന പ്രകടനത്തിൽ വോളന്റിയർ ആയി പങ്കെടുക്കാനാണ് ഡാസിയ മൂറിനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് പിന്നിൽ കാമുകന്റെ സർപ്രൈസ് പ്ലാൻ ഉണ്ടായിരുന്നു എന്ന് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പരിശീലന കെട്ടിടത്തിന്റെ ജനൽപടിയിൽ, തീപിടുത്തത്തിൽ നിന്നും രക്ഷപെടാൻ കാത്തിരിക്കുന്ന ആളായി ഡാസിയ ഇരുന്നു. ഈ സമയം പൂർണമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ധരിച്ച ജെയ്സൺ റാൽഫ് കെട്ടിടത്തിന്റെ മുകളിൽ നിന്നും കയർ വഴി താഴേക്ക് ഇറങ്ങിവന്നു.
കാമുകിയെ സുരക്ഷിതമായി താഴെയിറക്കിയതിന് തൊട്ടുപിന്നാലെ ജെയ്സൺ പെട്ടെന്ന് നിലത്തു മുട്ടുകുത്തി നിന്ന് ഡാസിയയ്ക്ക് നേരെ മോതിരം നീട്ടുകയായിരുന്നു. ഈ നിമിഷം ജെയ്സന്റെ സഹപ്രവർത്തകരായ മറ്റ് ഫയർ ഫൈറ്റർമാർ ‘മാരി മീ’ എന്ന് എഴുതിയ വലിയ ബോർഡുകൾ പിന്നിൽ ഉയർത്തിപ്പിടിച്ച് ജെയ്സണ് പിന്തുണ നൽകി.
അപ്രതീക്ഷിതമായി നടന്ന ഈ പ്രണയാഭ്യർത്ഥന കണ്ട് ഡാസിയ ആദ്യം അമ്പരന്നെങ്കിലും, സന്തോഷത്തോടെ വിവാഹാഭ്യർഥന സ്വീകരിക്കുകയും ‘യെസ്’ പറയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകരും ബന്ധുക്കളും വലിയ കയ്യടികളോടെയാണ് ഈ നിമിഷത്തെ വരവേറ്റത്.
ഈ അപൂർവ്വ നിമിഷത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. “പ്രണയത്തിൽ തീപ്പൊരി പാറുന്ന നിമിഷം”, “പരിശീലന കാലത്തും പ്രൊബേഷണറി ഓഫീസർമാർക്ക് ചെറിയ തമാശകളാകാം” എന്നിങ്ങനെ രസകരമായ കമന്റുകളുമാണ് പോസ്റ്റിന് താഴെ വരുന്നത്.
