ആലപ്പുഴ: മുഹമ്മയിൽ ഒരു വാഴത്തോട്ടമുണ്ട്. ഇവിടെ വാഴക്കുലകളല്ല, മറിച്ച് തളിരണിഞ്ഞ ഞാലിപ്പൂവൻ വാഴയിലകളാണ് പ്രധാനവിള. ചാക്കോ കൂപ്ലിക്കാട്ടിൽ എന്ന 63-കാരനാണ് വ്യത്യസ്തമായ ഈ കൃഷി രീതിയിലൂടെ വിജയം കൈവരിച്ചത്.
ഭക്ഷണം വിളമ്പാൻ തമിഴ്നാട്ടിൽ നിന്നുള്ള ഇലകളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം നാട്ടിൽ എന്തുകൊണ്ട് കൃഷി ചെയ്തുകൂടാ എന്ന ചിന്തയാണ് വാഴയില കൃഷി എന്ന ആശയത്തിലേക്ക് ചാക്കോയെ എത്തിച്ചത്. പ്ലാസ്റ്റിക് ഇലകൾ ഒഴിവാക്കി ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഇലകളിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരവുമാണ്.
പൂർണമായും ജൈവരീതിയിലാണ് ഇവിടെ വാഴകൃഷി. രാസവളങ്ങളോ കീടനാശിനികളോ അദ്ദേഹം തന്റെ തോട്ടത്തിൽ ഉപയോഗിക്കാറില്ല. ചാരം, ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് പ്രധാന വളങ്ങൾ. മനുഷ്യർ ഭക്ഷണം കഴിക്കുന്ന ഇലയായതിനാൽ രാസവളമോ, കീടനാശിനിയോ ഉപയോഗിക്കാൻ പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. വാഴയ്ക്ക് എന്തെങ്കിലും കേട് വന്നാൽ ആ ഭാഗം മുറിച്ചുമാറ്റുകയാണ് പതിവ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്ന് ലക്ഷത്തോളം വാഴയിലകൾ ഉൽപാദിപ്പിക്കാൻ തനിക്കു സാധിച്ചെന്നും ഇതിലൂടെ മൂന്നു ലക്ഷം പ്ലാസ്റ്റിക് ഇലകൾ ഒഴിവാക്കാനായി എന്നത് ഏറ്റവും വലിയ സംതൃപ്ത്തിയാണെന്നും അദ്ദേഹം പറയുന്നു. ഞാലിപ്പൂവൻ ഇനത്തിൽപ്പെട്ട വാഴകളാണ് ഇലയ്ക്കായി പ്രധാനമായും വളർത്തുന്നത്. ഒരു വാഴയിൽ നിന്ന് മാസത്തിൽ നാലോ അഞ്ചോ ഇലകൾ ലഭിക്കും. ഒരു തൂശനിലയ്ക്ക് അഞ്ചു രൂപയാണ് നിലവിൽ ലഭിക്കുന്ന വില. 3,000 വാഴകൾ കൃഷി ചെയ്താൽ ദിവസേന മാറി മാറി 200 ഇലകൾ വീതം വെട്ടി ഏകദേശം 1,000 രൂപയോളം സ്ഥിരവരുമാനം നേടാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.
തമിഴ്നാട്ടിൽ നിന്ന് വർഷം തോറും ഏകദേശം ഏഴുകോടി രൂപയുടെ ഇലകളാണ് കേരളത്തിലേക്ക് വരുന്നത്. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇലകൾ വാങ്ങി ലാഭം കൊയ്യുന്ന ഇടനിലക്കാരേ ഒഴിവാക്കി ഹോട്ടലുകളിലേക്കും കാറ്ററിംഗ് ഗ്രൂപ്പുകളിലേക്കും ഇലകൾ നേരിട്ട് എത്തിച്ചാൽ കർഷകർക്ക് മികച്ച ലാഭം നേടാം. തമിഴ്നാട്ടിലെ ഹോട്ടലുകളിൽ 80 ശതമാനവും വാഴയിലയാണ് ഉപയോഗിക്കുന്നത്. അവിടത്തെ ഗവൺമെന്റ്റിന്റെയും ജനങ്ങളുടെയു പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമാകുന്നത്.
ഇത്തരത്തിൽ കേരളത്തിലും സർക്കാരിന്റെയും പഞ്ചായത്തുകളുടെയും ഭാഗത്തുനിന്ന് കർഷകർക്ക് കൂടുതൽ പിന്തുണ നൽകി, ഓരോ പഞ്ചായത്തിലെയും ഹോട്ടുകളിൽ ദിവസേന 50 ഊണെങ്കിലും വാഴയിലയിൽ നൽകാൻ ശ്രമിച്ചാൽ ഇവിടയും കർഷകരുടെ ഉൽപ്പന്നങ്ങൾ മുഴുവൻ വിറ്റുപോകുകയും കർഷകർക്ക് അർഹമായ വില ലഭിക്കുകയും ചെയ്യുമെന്നാണ് ചാക്കോച്ചേട്ടന്റെ വാദം.
എബിലിൻ കെ. ഏബ്രഹാം
