മാഡ്രിഡ്: യൂറോപ്പിനെ മുഴുവൻ വിഴുങ്ങിയ അസാധാരണ ഉഷ്ണതരംഗത്തിൽ സ്പെയിനിൽ മാത്രം 1,028 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. സ്പെയിനിലെ കാർലോസ് III ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജൂൺ മാസത്തിൽ മാത്രമാണ് ഇത്രയും പേർ കടുത്ത ചൂടിനെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ രേഖപ്പെടുത്തിയ 407 മരണങ്ങളെക്കാൾ ഇരട്ടിയിലധികമാണിത്. 2015-ന് ശേഷം ജൂൺ മാസത്തിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
73 ശതമാനം ജനങ്ങളും അപകടഭീഷണിയിൽ
ജൂൺ 23ന് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായപ്പോൾ, രാജ്യത്തെ 3.57 കോടി ജനങ്ങൾ – മൊത്തം ജനസംഖ്യയുടെ 73 ശതമാനം – ഗുരുതരമായ ആരോഗ്യ ഭീഷണി നേരിട്ടു. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയതെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി “Aemet’ സ്ഥിരീകരിച്ചു.
സാധാരണയേക്കാൾ ശരാശരി 3.2 ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. മാത്രമല്ല, ശരാശരിയേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് അധിക ചൂടുമായി 2026-ലെ ആദ്യ ആറ് മാസങ്ങൾ സ്പെയിനിലെ ഏറ്റവും ചൂടേറിയ കാലയളവായി റെക്കോർഡിട്ടു.
യൂറോപ്പിലാകെ ‘ഹീറ്റ് ഡോം’ ഭീതി
സ്പെയിനിൽ മാത്രമല്ല, ഫ്രാൻസ്, ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി സർവകാല റിക്കാർഡുകൾ തകർത്തു.
ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രാത്രികാല താപനിലയാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലുടനീളം ഉഷ്ണതരംഗം മൂലം ഇതുവരെ 1,300-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കാരണം ഹീറ്റ് ഡോം പ്രതിഭാസം
സഹാറയിൽ നിന്ന് വീശുന്ന ചൂടുകാറ്റും ആഫ്രിക്കൻ ആന്റിസൈക്ലോൺ എന്ന ശക്തമായ ഉയർന്ന മർദ്ദമേഖലയുമാണ് കടുത്ത ചൂടിന് കാരണം. ഇത് യൂറോപ്പിന് മുകളിൽ ഹീറ്റ് ഡോം അഥവാ ചൂടിന്റെ മേലാപ്പ് സൃഷ്ടിച്ച് ചൂടുള്ള വായുവിനെ അന്തരീക്ഷത്തിൽ തളച്ചിടുന്നു. ഇതുമൂലം ഓരോ ദിവസവും താപനില ഉയരുകയാണ്.
വില്ലൻ കാലാവസ്ഥാ വ്യതിയാനം
ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗത്തെ ഇത്രയും രൂക്ഷമാക്കിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആഗോളതാപനം കാരണം സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
- ജോസ് കുമ്പിളുവേലിൽ
.
