പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് മൂന്നിൽപെട്ട ചെമ്പനോട ആലമ്പാറയിലെ മുത്താട്ടുപുഴ തീരത്തെ കൃഷിയിടങ്ങളിൽ രണ്ട് ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം.
കർഷകൻ കാഞ്ഞിരത്തിങ്കൽ സേവ്യറിന്റെ വിശാലമായ കൃഷിയിടത്തിലാണ് കൂടുതൽ വിളനാശമുണ്ടായത്. തെങ്ങ്, കമുക്, കപ്പ, നൂറിലേറെ വാഴകൾ എന്നിവയെല്ലാം നശിപ്പിച്ചു.
സമീപത്ത് സ്ഥിതി ചെയ്യുന്ന കോഴി ഫാമിന്റെ മേൽക്കൂരയിലേക്ക് കമുക് തള്ളിയിട്ട് നാശമുണ്ടാക്കി. പെരുവണ്ണാമൂഴി വനത്തിൽ നിന്നാണ് കുട്ടിയാന അടക്കമുള്ള കാട്ടാനകൾ എത്തുന്നത്.
ഇവിടെയുള്ള സോളാർ വേലി ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ആനകൾക്ക് കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നത്. ആദ്യ ദിനത്തിൽ നാശമുണ്ടാക്കിയപ്പോൾ മതിയായ ജാഗ്രതയും പട്രോളിംഗും നടത്താതിരുന്നതിനാൽ രണ്ടാം ദിനവും ആനകൾ പറമ്പുകളിൽ എത്തുകയായിരുന്നു.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ പെടുന്ന മേഖലയാണ് ചെമ്പനോട. വാർഡ് അംഗം ജിനീഷ് കല്ലുംപുറത്ത് നാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു.
