എന്തു ചെയ്താലും കുറ്റം, പറഞ്ഞാലും കുറ്റം. ചിലപ്പോള്‍ മനസ് മടുക്കുന്നു. ഒന്നും മിണ്ടാതെ, ആരെയും ശ്രദ്ധിക്കാതെ, അവനവന്റെ കാര്യം നോക്കിയിരുന്നാല്‍ ആരോഗ്യമെങ്കിലും മിച്ചം കിട്ടും. സിദ്ധുവിന്റെ മരണശേഷം വീട്ടില്‍ വരുമ്പോളാണ്, എന്നെ സ്നേഹിക്കുന്നവര്‍ പറഞ്ഞത് സീമ ഇതൊക്കെ നിര്ത്തു.
നിന്റെ ആരോഗ്യം പോകുന്നു, നീ എന്തിനാണ് എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന്. ഒരു സഹായം ചെയ്താല്‍ അതവിടെ അവസാനിപ്പിക്കു, പിന്നെ അവര്ക്കെന്തായി, അവര്‍ എങ്ങനെ പോകുന്നു എന്നൊന്നും നീ ചിന്തിക്കേണ്ടയെന്ന്. ഒരര്‍ഥത്തില്‍ അതു ശരിയാണ്, അവരുടെ വേദനകള്‍ എന്റെ വേദനകളായി മാറുമ്പോള്‍, അവരെക്കാളും കൂടുതല്‍ എന്നെ അത് ബാധിക്കുന്നു, ആരെയും പാതിയില്‍ നിര്‍ത്തി പോകാന്‍ മനസ് അനുവദിക്കുന്നില്ല.
പയ്യെ, പയ്യെ, മാറണം. അതിനുള്ള ശ്രമത്തിലാണ്. ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ക്ക് മനഃസമാധാനമെങ്കിലും കിട്ടും. ഇപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ലാത്ത അവസ്ഥ. ജോലി ചെയ്താലല്ലേ ജീവിക്കാന്‍ പറ്റു, അപ്പോള്‍ ആരോഗ്യവും പോയി, മനഃസമാധാനവും ഇല്ലാതെ വന്നാലോ. അപ്പോള്‍ പതിവുപോലെ നന്മകള് നേരുന്നു. ഇനിയും ചിലത് ബൂമറാങ്ങു പോലെ വരുന്നുണ്ട് കേട്ടോ. -സീമ ജി. നായർ
