തന്റെ കരിയറും ജീവിതവും കെട്ടിപ്പടുക്കാൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുകയും തണലായി നിൽക്കുകയും ചെയ്ത പിതാവിന് ഒരു മകൾ നൽകിയ ഹൃദയസ്പർശിയായ ആദരം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നു. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ അച്ഛന്റെ സ്നേഹത്തെയും ത്യാഗത്തെയും കുറിച്ച് വിവരിക്കുന്ന വീഡിയോ പങ്കുവെച്ചത്.
തന്റെ പിതാവ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും, താൻ ബംഗളൂരിലേക്ക് പോകുമ്പോഴെല്ലാം അച്ഛൻ തന്നെയാണ് തന്നെ ഓട്ടോയിൽ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി വിടാറുള്ളതെന്നും മകൾ വീഡിയോയിൽ പറയുന്നു. നഴ്സറി മുതൽ തന്റെ ബിരുദപഠനം വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചത് അച്ഛന്റെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്.
ചുറ്റുമുള്ള പല കുടുംബങ്ങളും പെൺമക്കളുടെ വിവാഹത്തിനായി പണം സമ്പാദിച്ചു വെക്കാൻ തുടങ്ങിയപ്പോൾ, തന്റെ പിതാവ് ആ പണം പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. അച്ഛൻ തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം കേവലം വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള സ്വാതന്ത്ര്യമാണെന്നും മകൾ വ്യക്തമാക്കുന്നു.
തനിക്കൊരു സഹോദരി കൂടിയുണ്ടെന്നും പെൺമക്കളായതിന്റെ പേരിൽ ഒരു കാര്യത്തിൽ നിന്നും അച്ഛൻ തങ്ങളെ വിലക്കിയിട്ടില്ലെന്നും യുവതി ഓർക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാനും സ്വന്തമായി തീരുമാനങ്ങളെടുക്കാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും അദ്ദേഹം തങ്ങളെ പഠിപ്പിച്ചു. ഇന്ന് രണ്ട് പെൺമക്കളും തങ്ങളുടെ കരിയറിൽ മികച്ച നിലയിലാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് മാതാപിതാക്കൾക്കായി ഇവർ ഒരു കൃഷിത്തോട്ടം ആരംഭിച്ചിരുന്നു. ഓട്ടോ ഡ്രൈവിംഗിനൊപ്പം തന്നെ അച്ഛൻ ഇപ്പോൾ ഈ തോട്ടവും അതീവ ശ്രദ്ധയോടെ നോക്കിനടത്തുന്നുണ്ട്.
താനൊരു അമ്മയായ സമയത്ത് ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായും മകൾ പങ്കുവെച്ചു. എന്നാൽ ആ സമയത്തും ഒപ്പം നിന്നത് അച്ഛനായിരുന്നു. കുഞ്ഞിനെ വളർത്താൻ കുടുംബം മുഴുവൻ കൂടെയുണ്ടാകുമെന്നും ജോലി കളയരുതെന്നുമാണ് അച്ഛൻ തന്നോട് പറഞ്ഞത്. മകൾക്ക് ഓഫീസിൽ പോകാൻ സൗകര്യമൊരുക്കാൻ അച്ഛൻ അമ്മയെ ബംഗളൂരിലേക്ക് അയച്ചു. എല്ലാ ആഴ്ചയും അമ്മ ബാംഗ്ലൂരിലെത്തി കുഞ്ഞിനെ നോക്കുമ്പോൾ, നാട്ടിലെ വീട്ടിലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത് ഈ 80-കാരനായ പിതാവാണ്.
വീട്ടിലെ പലചരക്ക് കട നടത്തുക, കൃഷി കാര്യങ്ങൾ നോക്കുക, പാചകം, വീട് വൃത്തിയാക്കൽ എന്നിവയ്ക്കെല്ലാം പുറമെ പകൽ സമയത്ത് ഓട്ടോ ഓടിക്കുകയും വൈകുന്നേരം വീണ്ടും കട തുറക്കുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം. മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം പണമല്ല, മറിച്ച് അവരെ സ്വതന്ത്രരായി വളർത്തുകയും അവർക്കൊപ്പം എപ്പോഴും തണലായി നിൽക്കുകയുമാണെന്ന് തിരിച്ചറിഞ്ഞതായി മകൾ വൈകാരികമായി കുറിച്ചു. തന്റെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും ഒപ്പം നിന്ന പിതാവിന് മകൾ നന്ദി പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
