മുംബൈ നഗരത്തിലെ സുരക്ഷിതാവസ്ഥയെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അർദ്ധരാത്രി കഴിഞ്ഞും ഭയമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന നഗരമാണ് മുംബൈ. നഗരത്തിലെ പൊതുയിടങ്ങൾ, ലോക്കൽ ട്രെയിനുകൾ, പോലീസിന്റെ സജീവ സാന്നിധ്യം എന്നിവ സ്ത്രീകളിൽ ഉണ്ടാക്കുന്ന സ്വാതന്ത്ര്യബോധത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.
അദിതി ഠാക്കൂർ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രി ഏകദേശം 12:30ന് മുംബൈയിലെ മറൈൻ ലൈൻസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അദിതി തന്റെ അനുഭവം വിവരിക്കുന്നത്.
സമയം അർദ്ധരാത്രി 12:30 കഴിഞ്ഞിട്ടും റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലുണ്ടെന്ന് അദിതി വീഡിയോയിൽ കാണിക്കുന്നു.
ഇത്രയും വൈകിയ സമയത്ത് പുറത്തിറങ്ങി നിൽക്കുന്നത് മറ്റ് പലയിടങ്ങളിലും അസാധാരണമായി തോന്നാമെങ്കിലും മുംബൈയിൽ തനിക്ക് ഒട്ടും ഭയം തോന്നുന്നില്ലെന്ന് യുവതി പറയുന്നു. നിരവധി സ്ത്രീകളാണ് ഈ സമയത്തും യാതൊരു ഭയവുമില്ലാതെ സ്റ്റേഷനിലൂടെ നടന്നുപോകുന്നത്. ലോക്കൽ ട്രെയിനുകൾക്കുള്ളിലും അർദ്ധരാത്രിക്ക് ശേഷം ധാരാളം സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്നും അദിതി കൂട്ടിച്ചേർത്തു.
മറ്റ് പല നഗരങ്ങളിലായിരുന്നെങ്കിൽ സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ തങ്ങളുടെ സുരക്ഷയെക്കരുതി ദുപ്പട്ട കൊണ്ട് മുഖം മറച്ച് നടക്കേണ്ടി വരുമായിരുന്നുവെന്ന് അദിതി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിലോ രൂപത്തിലോ ആണ് പ്രശ്നമെന്ന് വിശ്വസിപ്പിക്കുന്ന സമൂഹമാണ് മറ്റ് പലയിടങ്ങളിലുമുള്ളത്.
എന്തുകൊണ്ടാണ് മുംബൈയെ ‘സ്വപ്ന നഗരം’ എന്ന് വിളിക്കുന്നതെന്ന് തനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്ന് യുവതി പറയുന്നു. ഈ നഗരത്തിൽ ആളുകൾക്ക് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ, ഭയമില്ലാതെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ സാധിക്കും. മുംബൈ നഗരത്തോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചാണ് അദിതി വീഡിയോ അവസാനിപ്പിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ യുവതിയുടെ നിരീക്ഷണത്തോട് യോജിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. മുംബൈയിലെ രാത്രികാല ജീവിതവും സ്ത്രീകൾക്ക് ഇവിടെ ലഭിക്കുന്ന സുരക്ഷിതത്വവും തങ്ങൾക്കും അനുഭവപ്പെട്ടിട്ടുണ്ടെന്ന് പലരും കമന്റ് ചെയ്തു.
