ലഹരിക്കെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ട് ഒറ്റച്ചക്ര സൈക്കിളിൽ കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് 11,000 കിലോമീറ്റർ നീളുന്ന സാഹസിക യാത്രയുമായി മലയാളി യുവാവ്. മുൻചക്രമില്ലാത്ത പ്രത്യേക സൈക്കിളിൽ ബാലൻസ് ചെയ്താണ് സനീദ് എന്ന യുവാവ് ഈ ദീർഘദൂര യാത്ര നടത്തുന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലൂടെ നേപ്പാൾ ലക്ഷ്യമാക്കി യാത്ര തുടരുന്ന സനീദിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടു.
എവറസ്റ്റ് ബേസ് ക്യാമ്പ് വരെ എത്തിച്ചേരുക എന്നതാണ് ഈ യാത്രയുടെ അന്തിമ ലക്ഷ്യം. ഇതിനുമുമ്പ് കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് മുൻചക്രമില്ലാത്ത സൈക്കിളിൽ സനീദ് വിജയികരമായി യാത്ര പൂർത്തിയാക്കിയിട്ടുണ്ട്.
ലഹരിമരുന്നുകൾക്കെതിരെ യുവാക്കൾക്കിടയിൽ ബോധവത്ക്കരണം സൃഷ്ടിക്കുക എന്നതാണ് യാത്രയുടെ പ്രധാന സന്ദേശം. മയക്കുമരുന്നിന് അടിമപ്പെടാതെ, തങ്ങൾക്ക് ഇഷ്ടമുള്ള മേഖലകളിൽ വ്യത്യസ്തമായ എന്തെങ്കിലും കണ്ടെത്തി വിജയിക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് സനീദ് ചെയ്യുന്നത്.
സിവിൽ എഞ്ചിനീയറിംഗും ഇന്റീരിയർ ഡിസൈനിംഗും പഠിച്ച സനീദ്, കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ബൈക്ക് സ്റ്റണ്ട് പെർഫോമറാണ്. റിപ്പബ്ലിക് ദിന പരേഡ് സ്റ്റന്റുകൾക്കായി ഇന്ത്യൻ ആർമിക്ക് പരിശീലനം നൽകിയ സംഘത്തിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതിദിനം 50 മുതൽ 60 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യുന്നത്. അനുകൂല കാലാവസ്ഥയുള്ള ദിവസങ്ങളിൽ 150 കിലോമീറ്റർ വരെ കടന്നിട്ടുണ്ടെന്നും, കടുത്ത കാറ്റുള്ള സമയങ്ങളിൽ ഒറ്റച്ചക്രത്തിൽ ബാലൻസ് നിലനിർത്തുന്നത് കഠിനമാണെന്നും സനീദ് വ്യക്തമാക്കുന്നു.
തന്റെ യാത്രയിലൂടെ ഒരാളെയെങ്കിലും ലഹരിയുടെ പാതയിൽ നിന്ന് മാറ്റാൻ സാധിച്ചാൽ, അതാണ് തന്റെ യഥാർഥ വേൾഡ് റിക്കാർഡ് എന്ന് സനീദ് കുട്ടിച്ചേർത്തു.
