കഠിനാധ്വാനത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ സംസ്കാരം ചൂഷണത്തിന്റെ അനന്തമായ ശൃംഖലയായി മാറിയെന്നും ആരോപിച്ച് ഗവേഷക വിദ്യാർഥിയുടെ കുറിപ്പ്. ഐ.ഐ.ടി കാൺപൂരിലെ ഒരു പിഎച്ച്ഡി വിദ്യാർഥി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
ആഴ്ചയിൽ 6 ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ, അതായത് ആഴ്ചയിൽ 72 മണിക്കൂറിലധികം ലാബുകളിൽ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് വിദ്യാർഥി വെളിപ്പെടുത്തുന്നു. വകുപ്പിലെയും ലാബുകളിലെയും അമിതമായ സമ്മർദ്ദമാണ് ഇതിന് കാരണം.
ചൂഷണത്തിന്റെ ഒരു വലയത്തിലാണ് ഞാൻ പെട്ടിരിക്കുന്നത്. ദിവസവും 12 മണിക്കൂർ ജോലി ചെയ്തിട്ടും ഗൈഡിൽ നിന്ന് ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കുന്നില്ല. ഞങ്ങളുടെ അധ്വാനം ഉപയോഗിച്ച് മറ്റുള്ളവർ കരിയർ കെട്ടിപ്പടുക്കുകയാണ്.
“ലഭിക്കുന്ന സ്റ്റൈപ്പൻഡിന്റെ ഭൂരിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഫീസിനും മറ്റ് കുടിശ്ശികകൾക്കുമായി തിരിച്ചടക്കേണ്ടി വരുന്നു. കഠിനമായ ലാബ് ജോലിക്ക് ശേഷവും പങ്കുവെക്കുന്ന താമസസ്ഥലങ്ങളിലാണ് കഴിയുന്നത്. സാമ്പത്തികമായോ മാനസികമായോ യാതൊരു ആനുകൂല്യവും തിരികെ ലഭിക്കുന്നില്ല.
വിദ്യാർഥിയുടെ കുറിപ്പ് പുറത്തുവന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയർന്നുവരുന്നത്. പിഎച്ച്ഡി വിദ്യാർഥി നേരിടുന്ന മാനസിക സമ്മർദ്ദവും പിന്തുണയില്ലായ്മയും ഗൗരവകരമാണെന്ന് പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫീസിന് ശേഷവും ലഭിക്കുന്ന സ്റ്റൈപ്പൻഡ് തുക തൃപ്തികരമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
