അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞ ലോറിയിൽ നിന്നും നാട്ടുകാർ കൂട്ടത്തോടെ മാമ്പഴങ്ങൾ കവർച്ച ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. പരിക്കേറ്റ ഡ്രൈവറെ സഹായിക്കുന്നതിന് പകരം കയ്യിൽ കിട്ടിയ സഞ്ചിയിലും സരികളിലും മാമ്പഴങ്ങൾ വാരിക്കൂട്ടാൻ ആളുകൾ മത്സരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പൗരബോധവും സഹതാപവും എവിടെ എത്തിനിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
അപകടസ്ഥലത്ത് മാമ്പഴങ്ങൾ റോഡാകെ ചിതറിക്കിടക്കുന്നതും, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം ചാക്കുകളും ബാഗുകളുമായി ഇവ പെറുക്കിയെടുക്കാൻ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ഇത് കർണാടകയിൽ നടന്ന സംഭവമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, സംഭവത്തിന്റെ കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ലോറി ഡ്രൈവറുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഘർ കേ കലേഷ് എന്ന എക്സ് ഹാൻഡിലിലൂടെ പുറത്തുവന്ന വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ദൃശ്യങ്ങൾ കണ്ട ഭൂരിഭാഗം ആളുകളും ജനക്കൂട്ടത്തിന്റെ ഈ സ്വാർഥ പെരുമാറ്റത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്.
“മനുഷ്യത്വം പൂർണമായും മരിച്ചുപോയി എന്നതിന്റെ തെളിവാണിത്. ഇത്രയും സംസ്കാരശൂന്യമായി ആളുകൾക്ക് എങ്ങനെ പെരുമാറാൻ കഴിയുന്നു?” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “റോഡിൽ ഒരാൾ മരിക്കാൻ കിടന്നാൽ പോലും തിരിഞ്ഞുനോക്കാത്ത ആളുകളോട്, ഒരു അപകടസ്ഥലത്ത് നിന്ന് മോഷ്ടിക്കരുതെന്ന കുറഞ്ഞ പക്ഷം മാന്യതയെങ്കിലും പ്രതീക്ഷിക്കുന്നത് അമിതമാണ്,” എന്നായിരുന്നു മറ്റൊരു പ്രതികരണം.ഇത്തരം സംഭവങ്ങൾ നമ്മുടേത് ഒരു ‘പരസ്പര വിശ്വാസമില്ലാത്ത സമൂഹമായി’ മാറുന്നതിന്റെ ലക്ഷണമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
