മാതാപിതാക്കളുടെ സ്വപ്നങ്ങൾ മക്കൾ യാഥാർഥ്യമാക്കുന്നത് ഏതൊരു അച്ഛനമ്മമാർക്കും ഏറെ അഭിമാനവും വികാരനിർഭരവുമായ നിമിഷമാണ്. ഇപ്പോഴിതാ, താൻ ക്യാപ്റ്റനായ ശേഷം ആദ്യമായി അമ്മയെ വിമാനത്തിൽ യാത്രക്കാരിയായി കൂടെക്കൂട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ടപേഷ് കുമാർ എന്ന പൈലറ്റ്. അമ്മയോടൊപ്പമുള്ള ഈ മനോഹര യാത്രയുടെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
വിമാനത്തിന്റെ ബോർഡിങ് ഗേറ്റിൽ വെച്ച് തന്റെ സ്പെഷ്യൽ യാത്രക്കാരിയെ കാത്തുനിൽക്കുന്ന പൈലറ്റിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിമാനത്തിലേക്ക് കയറിവരുന്ന അമ്മ മകനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുന്നതും വിഡിയോയിൽ കാണാം. സാധാരണ വണ്ടി ഓടിക്കുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് നൽകാറുള്ള ഉപദേശമായ “പതുക്കെ പോകൂ” എന്ന് വിമാനം പറത്തുമ്പോൾ അമ്മ പറഞ്ഞില്ലെന്ന് ടപേഷ് വീഡിയോയിൽ തമാശയായി കുറിച്ചു.
“ഒരു ക്യാപ്റ്റനെന്ന നിലയിൽ അമ്മയെ ആദ്യമായി വിമാനത്തിൽ കൊണ്ടുപോയത് മനോഹരമായ അനുഭവമായിരുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ നല്ല ലാൻഡിങ് ആയിരിക്കണം എന്ന കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു, എങ്കിലും മികച്ച രീതിയിൽ തന്നെ ലാൻഡ് ചെയ്യാൻ സാധിച്ചുവെന്ന് ടപേഷ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിമാനയാത്രയ്ക്ക് ശേഷം ഹൈദരാബാദിലെ ലേഓവറിനിടയിൽ ഇരുവരും ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി അമ്മ സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നതും, ഇരുവരും ഒന്നിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
പിന്നീട് അമ്മയെ സുരക്ഷിതമായി ടപേഷ് തന്നെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വിഡിയോ വൈറലാകുന്നത്. മാതാപിതാക്കളെ ഇതുപോലെ സന്തോഷിപ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
