കണ്ണൂര്: സിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് തളിപ്പറന്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. സിപിഎം ചവിട്ടിപുറത്താക്കിയപ്പോൾ തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചത് ജനങ്ങളാണ്. അവരെ സേവിച്ചു കൊണ്ടു സ്വതന്ത്ര ജനപ്രതിനിധിയായി കഴിയും.
യഥാർഥത്തിൽ തെറ്റ് പറ്റിയത് സിപിഎമ്മിനാണെന്നത് അവർ ഇനിയെങ്കിലും തിരിച്ചറിയണം. തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം.വി. ജയരാജന് ഗൂഢ ഉദ്ദേശങ്ങളുണ്ട്. എം.വി.ഗോവിന്ദനെ ഇനിയും ചെളിവാരിയെറിഞ്ഞ് പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ മോശക്കാനാക്കി മാറ്റുക എന്നതാണ് ഗൂഢലക്ഷ്യം.
താൻ ചെയ്ത തെറ്റ് എന്തെന്ന് സിപിഎം പറയണം: വി.കുഞ്ഞികൃഷ്ണൻ
താൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം സിപിഎം വ്യക്തമാക്കണമെന്നും പാർട്ടിക്കുള്ളിലെ അപചയം ചൂണ്ടിക്കാണിച്ചതാണോ തെറ്റെന്നെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎ. തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താനാവില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയത്. അക്കാര്യം ജനങ്ങൾക്കു ബോധ്യമുണ്ട്.
ഇതു സംബന്ധിച്ച് ഇപ്പോഴെങ്കിലും പാർട്ടിക്ക് ബോധ്യം വന്നുവെന്നാണ് കരുതുന്നത്. അതിൽ സന്തോഷമുണ്ട്. താൻ എന്നും കമ്യൂണിസ്റ്റുകാരനായിരിക്കും. മറ്റൊരു പാർട്ടിയിലേക്കു പോകില്ല. തന്നെ ബോധപൂർവം യുഡിഎഫുകാരനാക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
