തൃക്കരിപ്പൂർ: ഇരട്ടക്കുട്ടികളെ കണ്ടാൽ തിരിച്ചറിയില്ലെന്നു പറഞ്ഞാൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ അധ്യാപകർ അത് സമ്മതിക്കില്ല. സ്കൂളിലെ മിക്ക ക്ലാസുകളിലും അവർ ഇരട്ടക്കുട്ടികളെ പതിവായി കണ്ട് തിരിച്ചറിയുന്നതാണ്. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം മുതൽ ഏഴുവരെ വിവിധ ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്നും അല്ലാതെയുമൊക്കെ പഠിക്കുന്നത് 18 ജോടി ഇരട്ടക്കുട്ടികളാണ്.
15 ജോടി ഇരട്ടകളിൽ രണ്ടുപേരും ആൺകുട്ടികളോ പെൺകുട്ടികളോ ആണെങ്കിൽ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും ഒന്നാം ക്ലാസിലുമുള്ളത് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുള്ള ഇരട്ടകളാണ്. പെട്ടെന്നു തിരിച്ചറിയാൻ പ്രയാസമുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ തന്നെ രണ്ടുജോടി ഇരട്ടക്കുട്ടികൾ പഠിക്കുന്നുണ്ട്.
2019 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ഇവിടെ ഇരട്ടക്കുട്ടികളുടെ ദിനം ആഘോഷിക്കാറുണ്ട്. അന്ന് സ്കൂൾ അസംബ്ലിയിൽ കളർ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഇരട്ടക്കുട്ടികൾക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും നൽകും. രക്ഷിതാക്കളെയും ആദരിക്കും. ദൈവത്തിന്റെ വരദാനങ്ങളുടെ മാധുര്യമാണ് കുട്ടികളെന്നും ഇരട്ടക്കുട്ടികൾ ഇരട്ടി മധുരമാണ് പകർന്നുനൽകുന്നതെന്നും മുഖ്യാധ്യാപിക എൻ. മിനി പറഞ്ഞു.
