താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (23) അറസ്റ്റിലായി. ഇരുവരും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതനുസരിച്ച്, അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നാല് ദിവസം മുമ്പ് തർക്കമുണ്ടാവുകയും കോപാകുലനായ സദറുൾ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.
തലക്കടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സദറുളിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. സവാരിയയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
