പരവൂർ: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.വരുന്ന ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് 90 തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. പുതിയ നിയമപ്രകാരം, സാധുവായ ബിഐഎസ് ലൈസൻസും ഐഎസ്ഐ മാർക്കും ഇല്ലാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനോ, ഇറക്കുമതി ചെയ്യാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ല.
നിത്യജീവിതത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, വാക്വം ക്ലീനറുകൾ, കോഫി മേക്കറുകൾ, ഫുഡ് പ്രോസസറുകൾ, ഓവനുകൾ, വാട്ടർ ഹീറ്ററുകൾ, സൗന്ദര്യവർധക ഉപകരണങ്ങൾ തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾക്ക് ഈ പുതിയ സുരക്ഷാ നിയമം ബാധകമാകും.
ഉത്പ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രാജ്യത്തെ ദേശീയ നിലവാര നിർണയ ഏജൻസിയാണ് ബിഐഎസ്. ഉൽപ്പന്ന പരിശോധന, ഫാക്ടറി പരിശോധന, കർശനമായ റെഗുലേറ്ററി അംഗീകാരം എന്നിവ ഉൾപ്പെടുന്ന സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് സാധാരണയായി മൂന്ന് മുതൽ ആറ് മാസം വരെ സമയമെടുക്കാറുണ്ട്.
അതുകൊണ്ട് തന്നെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും വലിയ ബാധ്യതയാകുന്ന ഈ നടപടി ഘട്ടം ഘട്ടമായാണ് സർക്കാർ നടപ്പിലാക്കുന്നത്. വൻകിട-ഇടത്തരം നിർമാതാക്കൾക്കും എല്ലാ ഇറക്കുമതിക്കാർക്കും ഒക്ടോബർ മുതൽ നിയമം ബാധകമാകുമെങ്കിലും, രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസ് നേടുന്നതിനായി 2027 ഏപ്രിൽ ഒന്നുവരെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ സർട്ടിഫിക്കേഷൻ നേടാത്ത കമ്പനികൾക്ക് വരുംദിവസങ്ങളിൽ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ഐഎസ്ഐ മാർക്കില്ലാത്ത ഉത്പ്പന്നങ്ങൾ കസ്റ്റംസ് അതിർത്തികളിൽ തടഞ്ഞുവയ്ക്കാനും വിപണിയിലുള്ളവ തിരികെ വിളിക്കാനും നിർദേശമുണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരെ 2016-ലെ ബിഐഎസ് നിയമപ്രകാരം കനത്ത പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
പുതിയ നിയമങ്ങൾ പ്രധാനമായും നിർമാതാക്കളെയും ഇറക്കുമതിക്കാരെയും നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും വിപണിയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് വലിയ രീതിയിൽ ഗുണം ചെയ്യും. വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ ഉത്പ്പന്നങ്ങൾ കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാകുന്നതിനാൽ, അപകടങ്ങൾ വരുത്തിവയ്ക്കുന്ന ഗുണനിലവാരമില്ലാത്ത വ്യാജ ഉപകരണങ്ങളുടെ ലഭ്യത കുറയ്ക്കാൻ ഈ നീക്കം സഹായിക്കും.
വരുംദിവസങ്ങളിൽ വിപണിയിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാങ്ങുമ്പോൾ അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ബിഐഎസ് സർട്ടിഫിക്കേഷനും ഐഎസ്ഐ മാർക്കും ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കാൻ ഉപഭോക്താക്കളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
