വിമാനത്താവളങ്ങളിൽ ഓരോ ചെക്ക്പോസ്റ്റിലും പാസ്പോർട്ടും ബോർഡിംഗ് പാസും ആവർത്തിച്ച് കാണിക്കേണ്ടി വരുന്ന ദിവസങ്ങൾക്ക് ഇനി അധികം ആയുസ്സുണ്ടാകില്ല. യാത്രകൾ കൂടുതൽ വേഗമേറിയതും തടസ്സമില്ലാത്തതുമാക്കാൻ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ വ്യാപകമായി നടപ്പിലാക്കുകയാണ്. വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ്, സെക്യൂരിറ്റി പരിശോധന, ബോർഡിംഗ് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ യാത്രക്കാർക്ക് ഇനി സ്വന്തം മുഖം തന്നെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംവിധാനം പുതുതായി അവതരിപ്പിച്ചവയിൽ പ്രധാനം. ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്ന യോഗ്യരായ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ‘ഫാസ്റ്റ് പാസ്’ സേവനത്തിനായി രജിസ്റ്റർ ചെയ്യാം. ഇത് വഴി യാത്രാരേഖകൾ ആവർത്തിച്ച് കാണിക്കാതെ തന്നെ ബയോമെട്രിക് ചെക്ക്പോസ്റ്റുകളിലൂടെ വേഗത്തിൽ കടന്നുപോകാൻ സാധിക്കും.
യാത്രക്കാരൻ മുൻകൂട്ടി സുരക്ഷിതമായി രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിവരങ്ങളുമായി, വിമാനത്താവളത്തിൽ വെച്ച് തത്സമയം നടത്തുന്ന ഫേഷ്യൽ സ്കാൻ ഒത്തുനോക്കിയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇത് വിജയകരമായി പൂർത്തിയാകുന്നതോടെ യാത്രാരേഖകളുടെ പരിശോധനകൾ പരമാവധി കുറച്ച് യാത്രക്കാർക്ക് മുന്നോട്ട് പോകാനാകും.
വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കാനുമായി വ്യോമയാന മേഖല ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇന്ത്യയിലെ ‘ഡിജി യാത്ര’ ഉൾപ്പെടെയുള്ള സമാനമായ ബയോമെട്രിക് യാത്രാ പദ്ധതികൾ നിലവിൽ വിവിധ രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുകയോ പരീക്ഷണ ഘട്ടത്തിലോ ആണ്. ഇന്ത്യയിൽ ഡിജി യാത്ര വഴി ബോർഡിംഗ് പാസുകൾ ആവർത്തിച്ച് സ്കാൻ ചെയ്യുന്നതിന് പകരം ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കാൻ യാത്രക്കാർക്ക് സാധിക്കുന്നു.
ഈ സാങ്കേതികവിദ്യ വിമാനത്താവളങ്ങളിലെ സമയം വലിയ രീതിയിൽ ലാഭിക്കുമെങ്കിലും, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്. എന്നാൽ ബയോമെട്രിക് വിവരങ്ങൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തതും കർശനമായ സുരക്ഷാ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടതുമാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ഈ സംവിധാനങ്ങളിൽ പങ്കാളികളാകുന്നത് യാത്രക്കാരുടെ പൂർണമായ താല്പര്യപ്രകാരം മാത്രമായിരിക്കുമെന്നും അവർ ഊന്നിപ്പറയുന്നു.
