ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടെന്നീസ് ടൂർണമെന്റായ വിംബിൾഡൺ ചാമ്പ്യൻഷിപ്പ് നേരിട്ട് കാണുക എന്നത് ഭൂരിഭാഗം കായികപ്രേമികളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ, ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഒരു മൊബൈൽ ഫോണും ഏതാനും ചിന്തകളും മാത്രമായി യാത്ര തുടങ്ങി, ഇന്ന് വിംബിൾഡൺ ഗാലറിയിലെ അതിഥിയായി മാറിയ ഒരു ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്ററുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ ‘@vijay3guy’ എന്ന പേരിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള വിജയ് കുമാറാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. വിംബിൾഡൺ മൈതാനത്തു നിന്നുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് വിജയ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
വർഷങ്ങളായുള്ള കഠിനാധ്വാനവും കൃത്യതയാർന്ന ഉള്ളടക്ക നിർമാണവും സോഷ്യൽ മീഡിയയ്ക്ക് എപ്രകാരം ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെയും നേർക്കാഴ്ചയാണ് വിജയിന്റെ ഈ ലണ്ടൻ യാത്ര. “എന്നിൽ വിശ്വസിച്ചവർക്കായി ഇത് സമർപ്പിക്കുന്നു, എല്ലാവർക്കും നന്ദി,” വിംബിൾഡണിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചു.
യുപിയിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഒരു കായിക മാമാങ്കത്തിലേക്ക് വിജയ് എത്തിച്ചേർന്ന വാർത്തയെ സോഷ്യൽ മീഡിയ ഒന്നടങ്കം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരു വ്യക്തിയുടെ തനിമയും ലളിതമായ കഥപറച്ചിലും വിമാനത്താവളങ്ങൾക്കും അതിരുകൾക്കും അപ്പുറത്തേക്ക് എങ്ങനെ വഴികൾ തുറന്നുതരുമെന്ന് വിജയിന്റെ ജീവിതം തെളിയിക്കുന്നതായി ആരാധകർ അഭിപ്രായപ്പെടുന്നു.
“ഒരു കാലത്ത് കൈയിൽ ഒരു ഫോൺ മാത്രമുണ്ടായിരുന്ന, ഗ്രാമീണ ജീവിതത്തെക്കുറിച്ച് വീഡിയോകൾ ചെയ്തിരുന്ന ഒരു സാധാരണക്കാരനായിരുന്നു അവൻ. ഇന്ന് 40 ലക്ഷത്തോളം ആളുകളാണ് ദിവസവും അവന്റെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നത്,” എന്ന് എക്സ് പ്ലാറ്റ്ഫോമിൽ ഒരാൾ കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ മാത്രം 39 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള വിജയ് ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള കോമഡി വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. വളരെ സാധാരണമായ പശ്ചാത്തലത്തിൽ നിന്നും വന്ന് വിംബിൾഡൺ വരെയെത്തിയ വിജയിന്റെ കഥ സോഷ്യൽ മീഡിയയുടെ കരുത്താണ് കാണിക്കുന്നതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
ആഗോളതലത്തിൽ ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്റർമാർക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന അംഗീകാരത്തിന്റെ ഉദാഹരണം കൂടിയാണ് വിംബിൾഡണിലേക്കുള്ള വിജയിന്റെ ഈ ക്ഷണം. ഇന്ത്യൻ പ്രേക്ഷകരിലേക്ക് കൂടുതൽ ഡിജിറ്റൽ സഹകരണങ്ങളിലൂടെ എത്തിച്ചേരാൻ വിംബിൾഡൺ അധികൃതർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിജയിന് ഈ അവസരം ലഭിച്ചത്. വൈറൽ ട്രെൻഡുകളുടെ പുറകെ മാത്രം പോകാതെ, സാധാരണ നിമിഷങ്ങളെ തനതായ ശൈലിയിൽ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ടാണ് വിജയ് സോഷ്യൽ മീഡിയയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
