ന്യൂയോർക്ക്: ഫുട്ബോൾ ലോകത്തെ വിശ്വസിക്കാനാവാത്ത ഒരു കഥയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ ലയണൽ മെസി കുളിപ്പിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിക്കെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്നു. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, അത് മെസിയും സ്പെയിനിന്റെ യുവതാരം ലമിൻ യമാലും തമ്മിലുള്ള ചരിത്രപരമായ പോരാട്ടം കൂടിയായിരിക്കും.
2007-ൽ ബാഴ്സലോണയിൽ നടന്ന ഒരു ചാരിറ്റി കലണ്ടർ ഫോട്ടോ ഷൂട്ടിനിടെയാണ് അന്ന് 20 വയസുള്ള മെസി, അഞ്ച് മാസം മാത്രം പ്രായമുള്ള ലമിൻ യമാലിനെ പ്ലാസ്റ്റിക് ടബ്ബിൽ കുളിപ്പിച്ചത്. അന്ന് ആർക്കും അറിയാത്ത ഒരു സാധാരണ ഫോട്ടോ ഷൂട്ട് ആയിരുന്നെങ്കിലും, കാലം മാറിയപ്പോൾ അതൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ വളർന്നുവന്ന യമാൽ, ഇന്ന് മെസിയുടെ പിൻഗാമിയായി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന താരമാണ്. മെസിയുടെ പത്താം നമ്പർ ജഴ്സി അണിഞ്ഞു കളിക്കുന്ന യമാലിനെ, തന്റെ തലമുറയിലെ ഏറ്റവും മികച്ച താരമായാണ് മെസി തന്നെ വിശേഷിപ്പിച്ചത്.
തങ്ങൾ പണ്ട് പകർത്തിയ ചിത്രം പിന്നീട് ഇത്രയും പ്രശസ്തമാകുമെന്ന് അന്നത്തെ ഫോട്ടോഗ്രാഫർ ജോവാൻ മോൺഫോർട്ട് പോലും കരുതിയിരുന്നില്ല. ഒരു ഭാഗത്ത് ഇതിഹാസതാരം മെസിയും മറുവശത്ത് വളർന്നുവരുന്ന താരം യമാലും തമ്മിലുള്ള ഈ പോരാട്ടം, ഫുട്ബോൾ ലോകത്തിന് ഒരു ‘കോസ്മിക് ബാപ്റ്റിസം’ അഥവാ നിയോഗം പോലെയാണ് അനുഭവപ്പെടുന്നത്.
