ഇരുചക്ര വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ വിദ്യയുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍! ബൈക്ക് യാത്രികരുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് സ്മാര്‍ട്ട് ഹെല്‍മറ്റ്; കയ്യടിച്ച് കേരളാ പോലീസും

കേരളത്തില്‍ പ്രതിദിനം വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതില്‍ത്തന്നെ ബൈക്ക് അപകടങ്ങളില്‍ അകാല മരണമടയുന്ന യുവാക്കളുടെയും ചെറുപ്പക്കാരുടെയും എണ്ണം ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ ബൈക്ക് അപകടങ്ങളില്‍ തലയിടിച്ചുണ്ടാവുന്ന മരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനായി ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വിവരിച്ച് വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ആക്സിഡന്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്മാര്‍ട്ട് ഹെല്‍മറ്റ് വികസിപ്പിച്ചെടുത്താണ് എറണാകുളം വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ താരമായത്. എന്നാല്‍ കുട്ടികളുടെ മിടുക്കില്‍ അമ്പരന്ന പോലീസ് താമസിക്കാതെ തന്നെ അഭിനന്ദനവുമായി എത്തി. ഇവരുടെ കണ്ടുപിടുത്തം വിവരിക്കുന്ന വീഡിയോ ഔദ്യോഗിക പേജിലും പോലീസ് പോസ്റ്റ് ചെയ്തു.

പ്രത്യേക തരം ഹെല്‍മറ്റാണ് കുട്ടികള്‍ വികസിപ്പിച്ചെടുത്തത്. അതിനകത്ത് സെന്‍സറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ വാഹനത്തിന്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കും.

ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ക്കു വിധേയമായിട്ടായിരിക്കും. ഹെല്‍മറ്റിലെ ചിന്‍സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ ബൈക്ക് അനങ്ങില്ലെന്ന് ചുരുക്കം.

കേരളാ പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…

കേരളത്തിലെ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് റോഡ് അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ ”സ്മാര്‍ട്ട് ഹെല്‍മെറ്റ്” എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ വാഹനത്തിന്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ക്കു വിധേയമായിട്ടായിരിക്കും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ.

അധ്യാപകരായ സോനു, ജിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ അമല്‍ വര്‍ഗീസ്, അജിത് പോള്‍, ആന്റണി.കെ.പ്രിന്‍സ്, അശ്വിന്‍.ജി.ടി., അരുണ്‍.കെ.ബാബു, എന്നീ വിദ്യാര്‍ത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാര്‍ക്കു കേരളപോലീസിന്റെ ആശംസകള്‍ നേരുന്നു.

Related posts