കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.
വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് നടപടി. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിഹാദിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച് ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് നിഹാദ് ഒളിവില്‍ പോയത്.
കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ നിഹാദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കും എതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
