കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ പോക്സോ നിയമപ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 37,035 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 4,311 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം റൂറലില്‍ 3,419 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2,281 പോക്സോ കേസുകളുമായി എറണാകുളം റൂറലാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇക്കാലയളവില്‍ 3,697 പേരാണ് ശിക്ഷിക്കപ്പെട്ടത്. കൂടുതല്‍ പേര് അറസ്റ്റിലായത് മലപ്പുറം ജില്ലയിലാണ് -353 പേര്. 262 പേര് അറസ്റ്റിലായ പാലക്കാട് രണ്ടാം സ്ഥാനത്തും 251 പേര് പിടിയിലായ തൃശൂര്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്.
പോക്സോ കേസുകളില്‍ പരിചിതര്‍ തന്നെയാണ് പലപ്പോഴും പ്രതികളാകുന്നത്. ബന്ധുക്കള്‍, അയല്‍വാസികള്‍, കുടുംബസുഹൃത്തുക്കള്‍, അധ്യാപകര്‍, പരിശീലകര്‍, തൊഴിലിടങ്ങളിലെ പരിചയക്കാര് തുടങ്ങി കുട്ടികള്‍ വിശ്വസിക്കുന്ന ആളുകള്‍ തന്നെയാണ് നിരവധി കേസുകളില്‍ പ്രതിസ്ഥാനത്ത് എത്തുന്നത്. വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കല്‍, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തല്‍, പണം ആവശ്യപ്പെടല്‍, ലൈംഗിക ചൂഷണത്തിലേക്ക് നയിക്കല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍, ചാറ്റിംഗ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യങ്ങളുണ്ട്.
ഭീഷണി, അപമാനഭയം, കുടുംബത്തിന്റെ പ്രതികരണം, സാമൂഹിക സമ്മര്‍ദം എന്നിവ മൂലം പലപ്പോഴും ഇരകള്‍ മൗനംപാലിക്കുന്നു. അതിനാല്‍ തന്നെ പുറത്തുവരുന്ന കേസുകളേക്കാള്‍ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. വിഷാദം, ഭയം, ആത്മവിശ്വാസക്കുറവ്, പഠനത്തില്‍ പിന്നാക്കം പോകല്‍, ഉറക്കക്കുറവ്, സാമൂഹിക ഒറ്റപ്പെടല്‍, ദീര്‍ഘകാല മാനസിക പ്രശ്നങ്ങള്‍ എന്നിവ ഇരകളാകുന്ന കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
സീമ മോഹന്‍ലാല്‍
