ടെഹ്റാൻ: യുഎസ്-ഇറാൻ ഏറ്റുമുട്ടൽ തുടർച്ചയായ ആറാം ദിനവും തുടർന്നു. ഇറാൻ ഇന്നലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികകേന്ദ്രങ്ങളെ ആക്രമിച്ചു. അമേരിക്ക ബുധനാഴ്ച രാത്രി ഇറാനിലുടനീളം ബോംബിട്ടു. ജോർദാൻ, കുവൈറ്റ്, ബഹ്റിൻ എന്നീ രാജ്യങ്ങളിലായിരുന്നു ഇറേനിയൻ ആക്രമണം. ജോർദാനിൽ അമേരിക്കയുടെ ആശയവിനിമയ സംവിധാനങ്ങളും ഇന്ധനസംഭരണ കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇറാൻ പറഞ്ഞു.
ഇറാന്റെ തുറമുഖനഗരമായ ബന്ദർ അബ്ബാസ്, ഗ്രേറ്റർ തുൻപ് ദ്വീപ് എന്നിവിടങ്ങളിലാണ് ബോംബിട്ടതെന്ന് അമേരിക്കൻ സേന അറിയിച്ചു. എന്നാൽ, രാജ്യത്തുടനീളം സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ നഗരമായ അഹ്വാസിൽ കുട്ടികളുടെ കാൻസർ ആശുപത്രിക്കു സമീപം അമേരിക്കൻ ആക്രമണമുണ്ടായെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി ഇസ്മായേൽ ബാഗേയി പറഞ്ഞു. ഇതേത്തുടർന്ന് ആശുപത്രിയിലുള്ളവരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു.
ഇറാൻ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ കൂടുതൽ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇറാന്റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിടുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ രാജ്യത്തിനു ഗുണകരമല്ലെന്നും അതിനാൽ പാലിക്കില്ലെന്നും ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം രാജ്യരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
