രണ്ട് വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ടുപോയ മകളെ 35 വർഷങ്ങൾക്ക് ശേഷം തിരികെക്കിട്ടിയ സന്തോഷത്തിലാണ് ചൈനയിലെ ഒരു കുടുംബം. എന്നാൽ, വർഷങ്ങളായി മകളെ കാത്തിരുന്ന പിതാവ്, ആ ആഗ്രഹം പൂർത്തിയാകാതെ കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങിയത് ഈ ഒത്തുചേരലിനിടയിലും കുടുംബത്തിന് കനത്ത നോവായി മാറി.
1991ൽ തെക്കൻ ചൈനയിലെ ഗുവാങ്ഷിയിലുള്ള നാനിങ് മാർക്കറ്റിൽ വെച്ചാണ് സോങ് ഫെങ്ലിൻ എന്ന രണ്ട് വയസ്സുകാരിയെ കാണാതാകുന്നത്. ജിഞ്ചറും വെളുത്തുള്ളിയും വിറ്റിരുന്ന മാതാപിതാക്കളുടെ അരികിൽ നിന്നാണ് കുട്ടി തിരക്കിലേക്ക് നടന്നുപോയത്. ജോലിത്തിരക്കിനിടയിൽ പിതാവ് കുഞ്ഞിന് പലഹാരം വാങ്ങാൻ പണം നൽകി വിടുകയായിരുന്നു. മറ്റൊരു മാർക്കറ്റിലേക്ക് വഴിതെറ്റിപ്പോയ കരയുന്ന കുട്ടിയെ ഒരു വസ്ത്രവ്യാപാരി കണ്ടെത്തുകയും, ഒടുവിൽ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി സ്വന്തം മകളെപ്പോലെ വളർത്തുകയുമായിരുന്നു.
മുഖത്ത് പോറലുകളോടെയാണ് അന്ന് തന്നെ കണ്ടെത്തിയത് എന്നതിനാൽ, സ്വന്തം മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചതാകാം എന്ന തെറ്റായ ധാരണയിലാണ് സോങ് വളർന്നത്. എന്നാൽ, ‘ബേബി കം ഹോം’ എന്ന കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന സന്നദ്ധ സംഘടനയിലെ വളണ്ടിയർമാരുടെ പിന്തുണയോടെ അവൾ തന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം വീണ്ടും ആരംഭിച്ചു.
അതേസമയം, സോങ്ങിന്റെ മാതാപിതാക്കളും അനിയത്തിയും പതിറ്റാണ്ടുകളായി അവളെ തെരയുകയായിരുന്നു. സോങ്ങിന്റെ അനിയത്തി സംഘടനയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സോങ് തന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. സോങ്ങിന്റെ ചിത്രം കണ്ട മറ്റൊരു സ്ത്രീ, തങ്ങളുടെ കാണാതായ സഹോദരിയുമായി ഇതിനുള്ള സാദൃശ്യം തിരിച്ചറിയുകയും ഡിഎൻഎ പരിശോധനയിലൂടെ ബന്ധം സ്ഥിരീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ജൂലൈ 7നാണ് സോങ് തന്റെ ജന്മനാടായ യൂലിനിലെത്തി അമ്മയെ കണ്ടത്. പൂച്ചെണ്ടുകളുമായി എത്തിയ മകളെ അമ്മ കെട്ടിപ്പിടിച്ച് കരഞ്ഞത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായിരുന്നു. ഈ ജന്മത്തിൽ ഇനി കാണാൻ കഴിയില്ലെന്ന് കരുതിയ അമ്മയെയാണ് സോങ് തിരികെ പിടിച്ചത്. എന്നാൽ, സോങ്ങിന്റെ പിതാവ് 2024ൽ മരണപ്പെട്ടിരുന്നു. മകളെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര.
