ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്.ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
