തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഫാം ഡി കോഴ്സിന് 50 ശതമാനം സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
മുൻവർഷത്തെപ്പോലെ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ മാനേജ്മെന്റിന് അധികാരം നൽകണമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ പ്രോസ്പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെന്ന് മന്ത്രി പറഞ്ഞു. മെറിറ്റ് സീറ്റിൽ ഒഴിവുണ്ടായാൽ അത് മാനേജ്മെന്റിന് നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.
ഒരു കാരണവശാലും സീറ്റ് ഒഴിഞ്ഞു കിടക്കാൻ അനുവദിക്കില്ല. മെറിറ്റിലായായലും മാനേജ്മെന്റിലായാലും അർഹരായ എല്ലാകുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കും. ഇതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാനേജ്മെന്റുകളുമായി കൂടിയാലോചിക്കാതെ മുൻകാലങ്ങളിൽ തീരുമാനമെടുത്തിരുന്നതായി പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
